തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കന്‍ഡറി ഓഫിസുകളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന. ഹയർസെക്കന്‍ഡറി ഡയറക്‌ടറേറ്റിലും, തിരുവനന്തപുരം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ റീജിയണൽ ഡെപ്യൂട്ടി ഡയറക്‌ടർമാരുടെ ഓഫിസുകളിലാണ് പരിശോധന നടക്കുന്നത്. രാവിലെ 11 മണി മുതലാണ് പരിശോധന ആരംഭിച്ചത്.
ഹയർ സെക്കന്‍ഡറി ഡയറക്‌ടറേറ്റ്, ഡെപ്യൂട്ടി ഡയറക്‌ടറേറ്റ് റീജിയണൽ ഓഫിസുകൾ എന്നിവിടങ്ങളിലെ എയ്‌ഡഡ് ഹയർ സെക്കന്‍ഡറി സ്‌കൂൾ അധ്യാപക-അനധ്യാപക നിയമനവുമായി ബന്ധപ്പെട്ട സെക്ഷനുകളിലും, ഉദ്യോഗസ്ഥരുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സെക്ഷനിലും അഴിമതി നടക്കുന്നതായി വിജിലൻസ് ഡയറക്‌ടർക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റെയ്‌ഡ്.
'ഓപ്പറേഷൻ റെഡ് ടേപ്പ്' എന്ന പേരിലാണ് വിജിലന്‍സ് മിന്നൽ പരിശോധന നടത്തുന്നത്. വിജിലൻസ് ഇന്‍റലിജൻസ് പൊലീസ് സൂപ്രണ്ട് ഇ.എസ് ബിജു മോന്‍റെ നേതൃത്വത്തിലാണ് പരിശോധന.