തിരുവനന്തപുരം: ജില്ല വിദ്യാഭ്യാസ ഓഫിസുകളില്‍ വിജിലന്‍സ് നടത്തിയ സംസ്ഥാനതല മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. സംസ്ഥാന വ്യാപകമായി 41 ജില്ല ഓഫിസുകളിലും പൊതുവിദ്യാഭ്യാസ ഡയറക്‌ടറേറ്റിലുമാണ് ഓപ്പറേഷന്‍ ജ്യോതി 2 എന്ന പേരില്‍ ഇന്നലെ (ജൂണ്‍ 23) വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. ഡിഎംഒ ഓഫിസുകളില്‍ എയ്‌ഡഡ് സ്‌കൂള്‍ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് നിരവധി അഴിമതികള്‍ നടക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി.
നിയമനം ക്രമവത്കരിക്കല്‍, മാനേജ്‌മെന്‍റിന് ലഭിക്കുന്ന ഗ്രാന്‍റുകള്‍ പാസാക്കല്‍, വിവിധ തരം ലീവുകള്‍ സെറ്റില്‍ ചെയ്‌ത് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അനുവദിക്കല്‍ എന്നീ വിഷയങ്ങളില്‍ അഴിമതി നടക്കുന്നുണ്ടെന്നാണ് വിജിലന്‍സിന് രഹസ്യ വിവരം ലഭിച്ചത്. സ്‌കൂളുകളില്‍ അധികമായി വരുന്ന ഡിവിഷനുകള്‍ക്ക് അനുമതി തേടി എയ്‌ഡഡ് സ്‌കൂള്‍ മാനേജ്‌മെന്‍റുകള്‍ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ നടപടി വൈകിപ്പിക്കുന്നതായി പരിശോധനയില്‍ സംഘം കണ്ടെത്തി.
2019 മുതല്‍ ജില്ല വിദ്യാഭ്യാസ ഓഫിസുകളില്‍ ലഭിച്ചിരുന്ന അപേക്ഷകളാണ് വിജിലന്‍സ് പരിശോധിച്ചത്. ഇതില്‍ കോട്ടയത്ത് നിന്ന് 385, എറണാകുളത്ത് നിന്ന് 443, കട്ടപ്പനയില്‍ നിന്ന് 346, തൊടുപുഴയില്‍ നിന്ന് 246, മൂവാറ്റുപുഴയില്‍ നിന്ന് 222, താമരശ്ശേരിയില്‍ നിന്ന് 220, മലപ്പുറത്ത് നിന്ന് 218, വടകരയില്‍ നിന്ന് 197, മണ്ണാര്‍കാട് നിന്ന് 195, കോഴിക്കോട് നിന്ന് 191, തിരൂരങ്ങാടിയില്‍ നിന്ന് 190, പാലക്കാട് നിന്ന് 187, പാലയില്‍ നിന്ന് 179, കോതമംഗലത്ത് നിന്ന് 157, കാഞ്ഞിരപ്പള്ളിയില്‍ നിന്ന് 151, തളിപറമ്പ് നിന്ന് 138, ഒറ്റപ്പാലത്ത് നിന്ന് 123, വണ്ടൂരില്‍ നിന്ന് 120, കൊല്ലത്ത് നിന്ന് 115, കടുത്തുരുത്തിയില്‍ നിന്ന് 106, കണ്ണൂരില്‍ നിന്ന് 99, തിരൂരില്‍ നിന്ന് 26, കാസര്‍കോട് നിന്ന് 90, തലശ്ശേരിയില്‍ നിന്ന് 74, കാഞ്ഞങ്ങാട് നിന്ന് 69, ഇരിങ്ങാലക്കുടയില്‍ നിന്ന് 37, തൃശൂരില്‍ നിന്ന് 26, പത്തനംതിട്ടയില്‍ നിന്ന് 25, കല്‍പ്പറ്റയില്‍ നിന്ന് 19, കൊട്ടാരക്കരയില്‍ നിന്ന് 14, ആലപ്പുഴയില്‍ നിന്ന് 8, പുനലൂരില്‍ നിന്ന് 3, തിരുവല്ലയില്‍ നിന്ന് 2 തുടങ്ങി നിരവധി അപേക്ഷകളിലാണ് അനാവശ്യമായി കാലതാമസം വരുത്തിയിട്ടുള്ളത് എന്ന് വിജിലന്‍സ് കണ്ടെത്തി.
ജില്ല വിദ്യാഭ്യാസ ഓഫിസുകളിലെ ജില്ല വിദ്യാഭ്യാസ ഓഫിസര്‍, ജില്ല വിദ്യാഭ്യാസ ഓഫിസറുടെ പി എ, ജൂനിയര്‍ സൂപ്രണ്ട് തുടങ്ങി വിവിധ സെക്ഷനുകളിലായി ഫയലുകളിലെ നടപടികള്‍ താമസിപ്പിക്കുന്നതായും കണ്ടെത്തി. രണ്ട് ദിവസമായി സംസ്ഥാന വ്യാപകമായി വിജിലന്‍സ് നടത്തിയ പരിശോധനയില്‍ എയ്‌ഡഡ് അധ്യാപക-അനധ്യാപക നിയമനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ സമര്‍പ്പിച്ച 4699 അപേക്ഷകളില്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല. കൂടാതെ എല്‍പി, യുപി വിഭാഗങ്ങളില്‍ 2020, 2021, 2022 കാലയളവുകളില്‍ 2190 റിവിഷന്‍ അപ്പീല്‍ പെറ്റീഷനുകളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 387 റിവിഷന്‍ പെറ്റീഷനുകളും ഉള്‍പ്പെടെ ആകെ 2577 ഫയലുകള്‍ തുടര്‍നടപടികള്‍ സ്വീകരിക്കാതെ സൂക്ഷിച്ചിട്ടുള്ളതായി വിജിലന്‍സ് കണ്ടെത്തി.
അധ്യാപകരുടെയും അനധ്യാപകരുടെയും പിഎഫ്, വാര്‍ഷിക ഇന്‍ക്രിമെന്‍റ്, ഇന്‍ക്രിമെന്‍റ് അരിയര്‍, ഡിഎ അരിയര്‍, ലീവ് സെറ്റില്‍മെന്‍റ് എന്നിവയുമായി ബന്ധപ്പെട്ട അപേക്ഷകളിലും നടപടികള്‍ സ്വീകരിക്കാത്തതായി സംഘം കണ്ടെത്തി. പല ബില്ലുകളും മാസങ്ങള്‍ കഴിഞ്ഞാണ് പാസാക്കിയിട്ടുള്ളത്. സംസ്ഥാനത്തെ മുഴുവന്‍ വിജിലന്‍സ് യൂണിറ്റുകളുടെയും നേതൃത്വത്തിലാണ് മിന്നല്‍ പരിശോധന നടത്തിയത്.