തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് സ്‌പേസ് പാര്‍ക്കില്‍ നിയമനം നല്‍കിയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ വിജിലന്‍സ് അന്വേഷണം ആകാമെന്ന് നിയമോപദേശം ലഭിച്ചിട്ടും നടപടിയെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍. ഐടി സെക്രട്ടറി എന്ന നിലയില്‍ ഐടി വകുപ്പിനു കീഴിലുള്ള സ്‌പേസ് പാര്‍ക്കില്‍ സ്വപ്‌ന സുരേഷിന് ശിവശങ്കർ നിയമനം നല്‍കിയതില്‍ വിജിലന്‍സ് അന്വേഷണം ആകാമെന്ന് ഡിജിപി സി. ശ്രീധരന്‍ നായരാണ് നിയമോപദേശം നല്‍കിയത്. സര്‍ക്കാര്‍ അനുമതിക്കായി ഫയല്‍ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയെങ്കിലും ഒരാഴ്‌ചയായി തീരുമാനമായില്ല.
സ്‌പേസ് പാര്‍ക്കില്‍ ജോലി ലഭിക്കാന്‍ ശിവശങ്കറുമായി ചേര്‍ന്ന് സ്വപ്‌ന സുരേഷ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച സംഭവത്തിലാണ് വിജിലന്‍സ് കേസിന് നിയമോപദേശം തേടിയത്. സ്വപ്‌ന ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് പൊലീസ് അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ സംഭവത്തെ കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വിജിലന്‍സിനെ സമീപിച്ചത്. സര്‍ക്കാര്‍ നിയമോപദേശം തേടിയത് ഇതിന്മേലാണ്.