തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി മാഫിയയ്ക്ക് രാഷ്ട്രീയ പിന്തുണയെന്ന വിഷയത്തിൽ നിയമസഭയിൽ ഏറ്റുമുട്ടി ഭരണപക്ഷവും പ്രതിപക്ഷവും. പ്രതികളെ സംരക്ഷിക്കാൻ രാഷ്ട്രീയമായി ഇടപെടലുകൾ എന്നതിലാണ് ബഹളമുണ്ടായത്. വിഷയത്തിലെ ചര്‍ച്ചയ്‌ക്കിടെ ഇരു കൂട്ടരും വാക്‌പോരുമായി രംഗത്തിറങ്ങിയതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.
സംസ്ഥാനത്തെ ലഹരി ഉപയോഗവും അക്രമങ്ങളും സ്ത്രീപീഡനങ്ങളും വർധിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷത്ത് നിന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയത്. നോട്ടിസിലെ കാര്യങ്ങൾ ഗൗരവമേറിയ വിഷയങ്ങളാണെന്ന് മറുപടി പറഞ്ഞ മന്ത്രി എം ബി രാജേഷ് എന്നാല്‍ കേരളത്തിലാണ് ലഹരി ഉപയോഗം കൂടുതലെന്ന അഭിപ്രായമില്ലെന്നും വ്യക്തമാക്കി.
സംസ്ഥാനത്ത് ലഹരി ഉപയോഗം കൂടുതലാണെന്ന പ്രതീതി സൃഷ്‌ടിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ലഹരിമാഫിയയെ അടിച്ചമര്‍ത്തും. ഇതിനായി കര്‍ശന നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഒരു ദാക്ഷിണ്യവുമില്ലാത്ത നടപടികളുണ്ടാവുമെന്നും എം ബി രാജേഷ് സഭയില്‍ പറഞ്ഞു.
എന്നാൽ പ്രതിപക്ഷം ഇതിനെ തള്ളി കളഞ്ഞു. ലഹരിക്കെതിരെ പോരാടാന്‍ സംസ്ഥാന സർക്കാരിന് ഇച്ഛാശക്തിയുണ്ടോയെന്ന് പ്രതിപക്ഷം ആരാഞ്ഞു. പല ലഹരിമരുന്ന് കേസിലെ പ്രതികൾക്കും ഭരണപക്ഷം പിന്തുണ നൽകുകയാണെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചു.
തിരുവനന്തപുരത്ത് പോക്സോ കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയടക്കം ലഹരി മാഫിയയ്ക്ക് നേതൃത്വം നൽകുകയാണ്. ഇതൊന്നും സർക്കാർ കാണുന്നില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. എന്നാൽ ഈ കേസിലെ പ്രതി ജയിലിലാണെന്നായിരുന്നു മന്ത്രിയുടെ മറുപടി.
മേപ്പാടിയിൽ ആക്രമണം നടത്തിയത് ലഹരി മാഫിയയാണെന്നും ഇത് ആരാണെന്ന് പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ പ്രതിപക്ഷം ഇത് തള്ളി. പൊലീസില്‍ പലര്‍ക്കും ലഹരി മാഫിയയുമായി ബന്ധമുണ്ട്.
അഴിയൂരില്‍ പതിമൂന്നുകാരി ലഹരി മാഫിയക്കെതിരെ പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ ലഹരി ഇടപാടുകാരെയാണ് കണ്ടത്. തിരുവനന്തപുരത്ത് പോക്സോ കേസിൽപ്പെട്ട ഡിവൈഎഫ്ഐ നേതാവിനെതിരെ ആറ് വർഷം മുമ്പും പരാതിയുണ്ടായിരുന്നു. അന്ന് പാർട്ടി സംരക്ഷിച്ചു.
അതാണ് ഇപ്പോൾ വീണ്ടും ഗൗരവമായ കേസ് വന്നത്. മേപ്പാടി കോളേജിൽ ലഹരിക്ക് നേതൃത്വം നൽകിയതിന് രണ്ട് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്‌തിട്ടുണ്ട്, പ്രതിപക്ഷ നേതാവിൻ്റെ ഈ പരാമർശത്തിനെതിരെ ഭരണപക്ഷം രംഗത്തെത്തി. ഇരു വിഭാഗവും ബഹളം തുടർന്നതിന് പിന്നാലെയാണ് സ്‌പീക്കര്‍ നിയമസഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് അറിയിച്ചത്.