തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ വീണ്ടും വന്‍ വര്‍ധന. വില നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ ശ്രമം ഫലം കണ്ടില്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്. ഇടനിലക്കാരുടെ സമ്മര്‍ദം തമിഴ്നാട്ടില്‍ നിന്നും പച്ചക്കറി എത്തിക്കാനുള്ള നീക്കത്തിനും തിരിച്ചടിയായി. ഇതിനിടെ സപ്ലൈകോയിലെ പലചരക്ക് സാധനങ്ങളുടെ വിലയും കൂടിയിട്ടുണ്ട്. പച്ചക്കറി വില നിയന്ത്രിക്കാന്‍ തമിഴ്നാട്ടില്‍ നിന്നും ഹോര്‍ട്ടികോര്‍പ്പ് വഴി പച്ചക്കറി സംഭരിച്ച് വിപണിയില്‍ എത്തിക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമം.
തെങ്കാശിയില്‍ കേരള തമിഴ്നാട് ഉദ്യോഗസസ്ഥര്‍ യോഗം ചേര്‍ന്ന് പച്ചക്കറി എത്തിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. എന്നാല്‍ ഇടനിലക്കാര്‍ ഇതിനെ അട്ടിമറിക്കുന്നതായാണ് ആക്ഷേപം. പച്ചക്കറിക്ക് ക്ഷാമം ഉണ്ടെന്ന വാദമാണ് ഇടനിലക്കാര്‍ ഉയര്‍ത്തുന്നത്. ഇതോടെ കേരളത്തിലേക്കുള്ള പച്ചക്കറിയുടെ വരവും കുറഞ്ഞു.
Also Read: Essential commodities price hike: ഇന്ധന വിലവർധനവിനൊപ്പം കുതിച്ചുയര്‍ന്ന് സംസ്ഥാനത്തെ അവശ്യസാധന വില
കര്‍ണാകത്തിലെ മൊത്തവിപണിയിലും ക്ഷാമമെന്നാണ് വ്യാപാരികള്‍ സൂചിപ്പിക്കുന്നത്. തക്കാളിക്ക് മാര്‍ക്കറ്റില്‍ കിലോക്ക് 120 രൂപ വരെയായി. വെണ്ടക്കക്ക് വില 80 രൂപക്ക് മുകളിലെത്തി. മുരിങ്ങക്ക, വെള്ളരി, കാബേജ് എന്നിവയുടെ വിലയിലും കഴിഞ്ഞ മൂന്നാഴ്ചയായി വന്‍വര്‍ധനയാണ് ഉണ്ടായത്.
പച്ചക്കറി വില നിയന്ത്രിക്കാന്‍ തമിഴ്നാട്ടിലെ കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിച്ച് വിപണിയില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതിന് കര്‍ഷകരുമായി കരാര്‍ ഒപ്പിടും. അതേസമയം പലചരക്ക് സാധനങ്ങല്‍ക്ക് സ്പ്ലൈകോയിലും വില കൂടി. ചെറുപയറിന് 30 രൂപയാണ് വര്‍ധിച്ചത്. മുളകിന് 22 രൂപയും വര്‍ധനവ് ഉണ്ടായി. പരിപ്പ്, ഉഴുന്ന് തുടങ്ങിയ സാധനങ്ങളുടെ വിലയും കുതിച്ചുയരുന്നു.