തിരുവനന്തപുരം : ഓപ്പറേഷന്‍ തിയേറ്ററില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഏഴ് വിദ്യാര്‍ഥികളുടെ ആവശ്യത്തില്‍ രാഷ്‌ട്രീയ തീരുമാനം ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വിദ്യാർഥികൾ നൽകിയ കത്ത് വിവാദമാക്കേണ്ട കാര്യമില്ല. വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യമാണ്. തികച്ചും സാങ്കേതികമായ ഒരു ആവശ്യമാണ് വിദ്യാര്‍ഥികള്‍ ഉന്നയിച്ചത്.
അധ്യാപകരോടാണ് അവര്‍ ആവശ്യം അറിയിച്ചത്. അതില്‍ അധ്യാപകര്‍ തന്നെ തീരുമാനമെടുക്കും. അതില്‍ മറ്റ് ഇടപെടലുകളുടെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. ഓപ്പറേഷന്‍ തിയേറ്ററുകളിലെ വസ്‌ത്രം സംബന്ധിച്ച് അന്താരാഷ്‌ട്ര തലത്തില്‍ തന്നെ പ്രോട്ടോകോള്‍ നിലവിലുണ്ട്. ഇതാണ് പിന്‍തുടരേണ്ടത്. അണുബാധയുണ്ടാകാതെ രോഗിയെ സംരക്ഷിക്കുകയാണ് പ്രധാനം.
അതില്‍ മറ്റൊരു ഇടപെടലും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം ഓപ്പറേഷന്‍ തിയേറ്ററില്‍ മതം അനുശാസിക്കുന്ന തരത്തില്‍ വസ്‌ത്രം ധരിക്കണമെന്ന ആവശ്യത്തെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും എതിര്‍ത്തു. ഓപ്പറേഷന്‍ തിയേറ്ററില്‍ രോഗിയുടെ സുരക്ഷയ്‌ക്കാണ് പ്രാധാന്യം. അന്താരാഷ്‌ട്രതലത്തിലുള്ള മാനദണ്ഡമാണ് പാലിക്കേണ്ടത്. അതില്‍ ഒരു തരത്തിലുള്ള ഇടപെടലും അനുവദിക്കാന്‍ കഴിയില്ലെന്നും ഐഎംഎ സംസ്ഥാന ഘടകം അറിയിച്ചു.
കത്ത് നൽകിയത് ഏഴ് വിദ്യാർഥികൾ : ജൂണ്‍ 26 തിങ്കളാഴ്‌ചയാണ് ഇത് സംബന്ധിച്ച കത്ത് 2020 എംബിബിഎസ് ബാച്ചിലെ വിദ്യാര്‍ഥിനിയായ അഫീഫ എന്‍ എ പ്രിന്‍സിപ്പലിന് നല്‍കിയത്. മെഡിക്കല്‍ കോളജിലെ 2018, 2021, 2022 ബാച്ചുകളിലെ ഏഴ് വിദ്യാര്‍ഥികളാണ് മുഴുവൻ കൈ ജാക്കറ്റ് അടക്കം അനുവദിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. തിയേറ്ററിനുള്ളില്‍ തലയും കഴുത്തും മറയ്‌ക്കുന്ന വസ്‌ത്രം അനുവദിക്കണം, മതവിശ്വാസം മുന്നോട്ട് കൊണ്ടുപോകാന്‍ നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്നത്.
വിദ്യാര്‍ഥികളുടെ കത്തിലെ ആവശ്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ലിനറ്റ്.ജെ.മോറിസ് നിയോഗിച്ചിട്ടുണ്ട്. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ മറുപടി അറിയിക്കാമെന്നാണ് പ്രിന്‍സിപ്പല്‍ വദ്യാര്‍ഥികളെ അറിയിച്ചിരിക്കുന്നത്. മാനദണ്ഡം അനുസരിച്ച് ശസ്‌ത്രക്രിയ നടക്കുമ്പോള്‍ ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ ഡോക്‌ടര്‍മാരെ കൈകളില്‍ ആഭരണങ്ങള്‍ ധരിക്കാന്‍ അനുവദിക്കാറില്ല.
കൈകള്‍ പൂര്‍ണമായും വൃത്തിയാക്കിയ ശേഷം മാത്രമേ ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ പ്രവേശിക്കാവൂ. ത്വക്ക് രോഗം അടക്കമുള്ള പ്രശ്‌നങ്ങള്‍ ഉള്ളപ്പോള്‍ ഡോക്‌ടര്‍മാരെ ശസ്‌ത്രക്രിയ നടത്താന്‍ അനുവദിക്കാറുമില്ല. ഇത്തരത്തിലുള്ള കര്‍ശനമായ മാനദണ്ഡങ്ങള്‍ ഉള്ളപ്പോഴാണ് ലോങ് സ്ലീവ് സ്‌ക്രബ് ജാക്കറ്റ്, ഹിജാബ് പോലെ മുഖം മറയ്‌ക്കുന്ന തരത്തിലുള്ള സര്‍ജിക്കല്‍ ഹൂഡ് എന്നിവ ധരിക്കണമെന്ന ആവശ്യവുമായി മെഡിക്കല്‍ വിദ്യാര്‍ഥിനികള്‍ രംഗത്തെത്തിയിരിക്കുന്നത്.
പനിമരണം ഉണ്ടാകാതിരിക്കാന്‍ ശ്രമം : സംസ്ഥാനത്ത് പനി മരണങ്ങള്‍ ഒഴിവാക്കാനുളള പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പനി മരണങ്ങളില്‍ വിശദമായ പരിശോധന നടക്കുന്നുണ്ട്. എന്തുകൊണ്ട് മരണം ഉണ്ടായി എന്നതാണ് പരിശോധിക്കുന്നത്. സംസ്ഥാനത്ത് പനി വ്യാപനം വര്‍ധിച്ചിട്ടുണ്ട്.
സ്വയം ചികിത്സ പാടില്ലെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതായും മന്ത്രി പറഞ്ഞു. ആശുപത്രിയില്‍ എത്തി ചികിത്സ തേടുക തന്നെ വേണം. മസ്‌തിഷ്‌ക ജ്വരത്തിലും ജാഗ്രത വേണം. ആരോഗ്യ വകുപ്പ് ഇക്കാര്യം വിശദമായി തന്നെ പരിശോധിക്കുന്നുണ്ട്. പനിക്കണക്കില്‍ ഒരു അവ്യക്തതയും സര്‍ക്കാരിനില്ല. ഡെങ്കി കേസുകള്‍ വര്‍ധിക്കാതിരിക്കാന്‍ പ്രത്യേക ജാഗ്രത പുലര്‍ത്തുന്നതായും മന്ത്രി പറഞ്ഞു.