തിരുവനന്തപുരം: പിഎസ്‌സിയേയും എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചിനേയും നോക്കുകുത്തിയാക്കി സംസ്ഥാനത്ത് സമാന്തര റിക്രൂട്ടിങ്ങ് ഏജന്‍സിയായി സിപിഎം ജില്ല കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിയമന കാര്യങ്ങള്‍ തീരുമാനിക്കുന്നത് ജില്ല സെക്രട്ടറിമാരാണ്. എല്ലാ മേഖലയിലും പൂര്‍ണമായി മാര്‍ക്‌സിസ്റ്റ് വത്കരണമാണ് സിപിഎം ലക്ഷ്യമെന്നും സതീശന്‍ ആരോപിച്ചു.
കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ മൂന്ന് ലക്ഷത്തോളം പിന്‍വാതില്‍ നിയമനങ്ങളാണ് നടന്ന് കഴിഞ്ഞത്. ഈ വിഷയം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ പിഎസ്‌സി നിയമനം നടക്കുന്നുവെന്നാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി മറുപടിയായി പറയുന്നത്. അതല്ല പ്രതിപക്ഷം ഉന്നയിച്ചത്, പിൻവാതിൽ നിയമനം സംബസിച്ചാണ്.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറുടെ പേരില്‍ പുറത്ത് വന്ന നിയമന കത്ത് വ്യാജമാണെന്നാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞിരിക്കുന്നത്. പിന്നെയെന്തിനാണ് പൊലീസ് അന്വേഷണം. വേണ്ടപ്പെട്ടവരെ സംരക്ഷിക്കാനാണ് നീക്കം.
യുഡിഎഫ് കാലത്തെ കത്തും ഇപ്പോഴത്തെ കത്തും വ്യത്യസ്‌തമാണ്. നിയമനത്തിന് പാര്‍ട്ടി ജില്ല സെക്രട്ടറിയോട് പട്ടിക ആവശ്യപ്പെടുന്നത് പോലെയല്ല ജനപ്രതിനിധികള്‍ നിയമനത്തിന് ശുപാര്‍ശ കത്ത് നല്‍കുന്നത്. ഇപ്പോള്‍ നടക്കുന്നത് മന്ത്രിമാരുടെയും നേതാക്കളുടെയും ബന്ധുക്കളെ അടക്കം തിരുകി കയറ്റുകയാണ്.
തൊഴിലില്ലായ്‌മ മൂലം യുവാക്കള്‍ നിരാശപ്പെടുമ്പോഴാണ് നാണം കെട്ട നടപടികള്‍ നടക്കുന്നത്. ഇതിനെതിരെ ശക്തമായ സമരവുമായി യുഡിഎഫ് മുന്നോട്ട് പോകും. ഇന്ന് നിയമസഭയില്‍ മന്ത്രിമാരുടെ ഭാഗത്ത് നിന്നടക്കമുണ്ടായ പ്രകോപനമാണ് സഭാ നടപടികളെ തടസപ്പെടുത്തിയതെന്നും സതീശന്‍ പറഞ്ഞു.