തിരുവനന്തപുരം : ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സത്യപ്രതിജ്ഞാലംഘനമാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഭരണഘടനയോട് കൂറ് പുലര്‍ത്തുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ മന്ത്രി തന്നെ ഒരു അടിസ്ഥാനവുമില്ലാതെ അതിനെ തള്ളി പറയുകയും ഭരണഘടനാശില്‍പികളെ അവഹേളിക്കുകയുമാണ് ചെയ്‌തിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.
ഭരണഘടനയിലെ ജനാധിപത്യം, മതേതരത്വം എന്നിവയെ കുന്തവും കുടച്ചക്രവും എന്ന് പറഞ്ഞ് പുച്ഛിക്കുകയാണ്. ഈ വിവരങ്ങളെല്ലാം മന്ത്രിക്ക് എവിടെ നിന്ന് കിട്ടിയിട്ടാണ് പറഞ്ഞത് എന്നത് അത്ഭുതപ്പെടുത്തുന്നു. മന്ത്രി എത്രയും പെട്ടെന്ന് രാജിവയ്ക്കണം.ഒഴിഞ്ഞില്ലെങ്കില്‍ മന്ത്രിസഭയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കണം. ഇതിനൊന്നും തയാറായില്ലെങ്കില്‍ പ്രതിപക്ഷം നിയമത്തിന്‍റെ വഴി തേടുമെന്നും സതീശന്‍ പറഞ്ഞു.
വിഷയം നിയമസഭയില്‍ ഉന്നയിക്കും. സര്‍ക്കാരിന് തൊടുന്നതും പറയുന്നതുമെല്ലാം പാളിപ്പോവുകയാണ്. കിളിപോയ അവസ്ഥയിലാണ് ഭരണപക്ഷമുള്ളത്. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തുന്നത്. ഇനിയുള്ള മണിക്കൂറുകളിൽ ഈ വിഷയമാകും പ്രധാന ചർച്ച. ഇത്തരം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഭരണഘടനയെ ഉപയോഗിക്കുന്നത് ക്രൂരമായ നടപടിയായിപ്പോയെന്നും സതീശന്‍ വ്യക്തമാക്കി.