തിരുവനന്തപുരം : തൃക്കാക്കരയിലെ യുഡിഎഫ് വിജയത്തിന് പിന്നാലെ തലസ്ഥാനത്തെത്തിയ പ്രതിപക്ഷ നേതാവ് വിഡി സതീശന് തിരുവനന്തപുരം വിമാനത്താവളത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വരവേല്‍പ്പ്. ഡിസിസി പ്രസിഡന്‍റ് പാലോട് രവിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ സതീശനെ മുദ്രാവാക്യം വിളികളോടെ ഷാളണിയിച്ച് സ്വീകരിച്ചു.
എന്നാല്‍, തന്നെ ലീഡര്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ട് തലസ്ഥാനത്തുള്‍പ്പെടെ സംസ്ഥാനത്ത് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെതിരെ സതീശന്‍ രംഗത്തുവന്നു. താന്‍ കോണ്‍ഗ്രസിലെ ലീഡറല്ല. കോണ്‍ഗ്രസില്‍ ഒരേ ഒരു ലീഡര്‍ മാത്രമേയുള്ളൂ. അത് കെ കരുണാകരനാണ്. അത്രയും ഔന്നത്യം തനിക്കില്ല. ലീഡര്‍ എന്ന വിളിയിലെ കെണിയില്‍ താന്‍ വീഴില്ല. തൃക്കാക്കരയിലേത് ഏറെ നാളത്തെ യുഡിഎഫിന്‍റെ പ്രവര്‍ത്തന വിജയമാണ്. താന്‍ കളിച്ചുവളര്‍ന്ന സ്ഥലം എന്ന നിലയില്‍ തൃക്കാക്കരയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുവെന്നേയുള്ളൂ.
തന്റെ പടം മാത്രം വച്ചുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കും. ഫ്ളക്‌സ് വയ്ക്കുന്നുണ്ടെങ്കില്‍ എല്ലാവരുടെയും ചിത്രം വയ്ക്കണമെന്നും സതീശന്‍ നിര്‍ദ്ദേശിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തിരുവനന്തപുരത്തെത്തിയാലുടന്‍ ഭാവിയിലേക്കുള്ള സംഘടനാപരിപാടികള്‍ നിശ്ചയിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗം വിളിക്കുമെന്നും സതീശന്‍ പറഞ്ഞു.