തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ സോളാർ കേസ് പ്രതിയുടെ ലൈംഗിക ആരോപണ പരാതിയിലെ ഗൂഢാലോചന സി ബി ഐ പുറത്തുകൊണ്ടുവന്ന പശ്ചാത്തലത്തിൽ ഇതുസംബന്ധിച്ച് സി ബി ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (VD Satheesan On Solar Enquiry). വിഷയത്തില്‍ പ്രതിപക്ഷത്ത് ആശയക്കുഴപ്പമാണെന്ന ചില മാധ്യമങ്ങളുടെ വാർത്ത അടിസ്ഥാന രഹിതമാണെന്നും ഒരു അഭിപ്രായഭിന്നതയുമില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
ഗൂഢാലോചന കേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. അന്വേഷണം ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതിയായ മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി നൽകാൻ പ്രതിപക്ഷം തയ്യാറല്ല. സി ബി ഐ ആണ് ഗൂഢാലോചന കണ്ടെത്തിയത്. അതിനാൽ ഇക്കാര്യത്തിൽ അന്വേഷണം നടത്തേണ്ടത് സി ബി ഐ ആണ്. ഇതിനാവശ്യമായ നിയമവഴികൾ ആലോചിക്കും (Opposition Want CBI probe on solar Case).
സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയോ സോളാർ ഗൂഢാലോചന സംബന്ധിച്ച് കൊട്ടാരക്കര കോടതിയിൽ കക്ഷി ചേരുകയോ ചെയ്യും. ഇക്കാര്യം നിയമ വിദഗ്‌ധരുമായി ആലോചിക്കും. ഇതുസംബന്ധിച്ച അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് എഴുതി നൽകിയ ശേഷമുള്ള സംസ്ഥാന പൊലീസിൻ്റെ അന്വേഷണം പ്രതിപക്ഷത്തിന് ആവശ്യമില്ല.
സിബിഐ കണ്ടെത്തൽ സംബന്ധിച്ച് അന്വേഷണം നടത്തേണ്ടത് സംസ്ഥാന പൊലീസ് അല്ല. സോളാർ ഗൂഢാലോചന സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷം ഇക്കാര്യം കൃത്യമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മാധ്യമങ്ങൾ ആവശ്യമില്ലാതെ ആശയക്കുഴപ്പമുണ്ടാക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
'കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല': സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ രാഷ്‌ട്രീയ എതിരാളികൾ വേട്ടയാടുകയും വ്യക്തിഹത്യ നടത്തുകയും ആയിരുന്നുവെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. ഒറ്റുകാർക്കും ചതിച്ചവർക്കുമുള്ള മറുപടിയാണ് ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്ന സിബിഐയുടെ അന്തിമ റിപ്പോർട്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു (VD Satheesan Reaction On Solar Case CBI Report).
ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് സിബിഐ കണ്ടെത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ലെന്നും ചൂണ്ടിക്കാട്ടി. സിപിഎമ്മും അവർ നേതൃത്വം നൽകുന്ന മുന്നണിയും രാഷ്‌ട്രീയ ലാഭത്തിന് വേണ്ടി എന്ത് ഹീനകൃത്യവും ചെയ്യാൻ മടിക്കാത്തവരാണ് എന്ന കാര്യം കൂടിയാണ് സിബിഐ റിപ്പോർട്ട് അടിവരയിടുന്നത് എന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിലും മരണശേഷവും ക്രൂരമായി വേട്ടയാടപ്പെട്ട വ്യക്തിയാണ് ഉമ്മൻ ചാണ്ടി, അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തിയവർ ആരാണോ അവർ കണക്ക് പറയേണ്ടി വരുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.