തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഒരു മന്ത്രിക്കെതിരെ സർക്കാരിന്‍റെ വക്കീൽ തന്നെ വാദിക്കേണ്ട ഗുരുതരമായ സ്ഥിതിയാണുള്ളതെന്നും ഇത് നിസാരമെന്നാണ് മുഖ്യമന്ത്രി പറയുന്നതെങ്കിലും അംഗീകരിക്കാനാകില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
സർക്കാറിനെതിരായ ക്രിമിനൽ കുറ്റത്തിലെ പ്രതിയെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നത് പരിതാപകരമാണ്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഡൽഹി വരെ കേസ് നടത്തി തോറ്റപ്പോൾ മുഖ്യമന്ത്രി വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും വി.ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സുപ്രീം കോടതി വിധിയിൽ മന്ത്രിയുടെ പേര് പറഞ്ഞ് പരാമർശമില്ലെന്നാണ് പുതിയ ന്യായീകരണം. പ്രതികൾ എന്ന് വ്യക്തമായി വിധിയിൽ പറയുന്നുണ്ടെങ്കിലും മുഖ്യമന്ത്രി അത് മറച്ചുവയ്ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ശിവൻകുട്ടി മന്ത്രി സ്ഥാനം രാജിവയ്ക്കുന്നതു വരെ ശക്തമായ സമരമെന്നതാണ് യുഡിഎഫ് തീരുമാനം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സമരം ചെയ്താലും പ്രതിപക്ഷത്തിനെതിരെ കേസെടുക്കുകയാണ്. അതുകൊണ്ട് തന്നെ അതൊന്നും കാര്യമായി എടുക്കുന്നില്ലെന്നും വി.ഡി സതീശൻ വ്യക്തമാക്കി.