തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഒഴിവാക്കാന്‍ സംഘപരിവാറിന്‍റെ ദേശീയ നേതൃത്വവും സി.പി.എമ്മും തമ്മില്‍ പൊളിറ്റിക്കല്‍ അഡ്‌ജസ്‌റ്റ്‌മെന്‍റ് നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വര്‍ണക്കടത്തില്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തിയിരുന്ന അന്വേഷണം ഒരു സുപ്രഭാതത്തില്‍ നിലച്ചതിനുള്ള കാരണവും ഇതാണെന്ന് സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫിസിലെ അമിതാധികാരമുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറി 100 ദിവസത്തിലധികം ജയിലില്‍ കിടന്നെങ്കിലും കേസില്‍ നിന്ന് പിണറായിയെ ഒഴിവാക്കി. അതിനുശേഷം കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സംഘപരിവാറും-സി.പി.എമ്മും തമ്മില്‍ തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കി.
also read: വിമാനത്തിനുള്ളിലെ പ്രതിഷേധം : അന്വേഷണ സംഘം മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും
കേസില്‍ പങ്കില്ലെങ്കില്‍ രണ്ട് എഡിജിപിമാരെ സ്വപ്‌നയുടെ അടുത്തേക്ക് പറഞ്ഞുവിട്ടത് എന്തിനെന്ന് സതീശന്‍ ചോദിച്ചു. മാധ്യമ പ്രവര്‍ത്തകനായ ഇടനിലക്കാരന്‍ വഴി വന്‍ തുക വാഗ്‌ദാനം ചെയതെങ്കിലും വഴങ്ങുന്നില്ലെന്ന് മനസിലായതോടെ രഹസ്യമൊഴി നല്‍കി കലാപാഹ്വാനം നടത്തിയെന്നാരോപിച്ച് സ്വപ്‌നക്കെതിരെ കള്ളക്കേസെടുത്തു.
മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്‌ണനും വിദേശത്തേക്ക് ഹവാല പണം കടത്തിയെന്ന മാധ്യമപ്രവര്‍ത്തകന്‍റെ ശബ്‌ദ രേഖ പുറത്തുവന്നത് ഗുരുതരമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.