തിരുവനന്തപുരം: സംസ്ഥാനം ഇതുവരെ കാണാത്ത ഏറ്റവും കനത്ത ധന പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണെന്നും സർക്കാർ അടിയന്തരമായി യഥാർത്ഥ സ്ഥിതി പറഞ്ഞുകൊണ്ട് ഒരു ധവളപത്രം പുറപ്പെടുവിക്കാൻ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. ധന പ്രതിസന്ധി സർക്കാർ ഹൈക്കോടതിയിൽ സമ്മതിച്ച കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു പൈസയും സർക്കാരിന്‍റെ കയ്യിലില്ല. സാമൂഹിക സുരക്ഷ പെൻഷൻ നിർത്തിവയ്‌ക്കപ്പെട്ടു. വികസന പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നും എല്ലാ സാമൂഹ്യ ക്ഷേമ പരിപാടികളും തടസപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കെഎസ്ആർടിസി, വൈദ്യുതി ബോർഡ്, സിവിൽ സപ്ലൈസ് കോർപ്പറേഷൻ, കെടിഡിഎഫ്‌സി ഇവയെല്ലാം തകർച്ചയുടെ വക്കിലാണ്. പട്ടികജാതിക്കാർക്ക് പോലും കഴിഞ്ഞ മൂന്ന് കൊല്ലമായി അവരുടെ ആനുകൂല്യങ്ങൾ കൊടുത്തിട്ടില്ല. ഉച്ചയൂണിന് കൊടുക്കാൻ പൈസയില്ലെന്നും എന്നിട്ടും ധൂർത്തിന് ഒരു കുറവുമില്ലെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശനമുന്നയിച്ചു.
ഓണാഘോഷ പരിപാടികളുടെ പൈസ ഇതുവരെ കൊടുത്ത് തീർത്തിട്ടില്ല. തുലാവർഷക്കാലത്ത് ഈ മുഖ്യമന്ത്രി അല്ലാതെ ആരെങ്കിലും ഇതുപോലെ ഒരു പരിപാടി നടത്തുമോ. ഈ മഴയത്ത് പരിപാടി കൊണ്ട് വച്ചിട്ട് എന്താണ് കാര്യം. സർക്കാർ നികുതി പിരിക്കുന്നില്ലെന്നും നികുതി പിരിവിൽ ദയനീയമായി പരാജയപ്പെട്ടുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇവിടെ 27 കോടി കേരളീയത്തിന് കൊടുത്ത സർക്കാർ ഏഴുമാസത്തിനുള്ളിൽ 717 കോടി കൊടുക്കാനുള്ളിടത്ത് കൊടുത്തിരിക്കുന്നത് ആകെ 18 കോടിയാണ്. ഇപ്പോൾ പഞ്ചായത്തുകളോടും നവ കേരള സദസ്സിന് പണം പിരിക്കാൻ പറഞ്ഞിരിക്കുകയാണ്. ഈ മഴക്കാലത്ത് നടത്തുന്ന കേരളീയം പരിപാടി എന്ത് നിക്ഷേപമാണ്. മുഖ്യമന്ത്രി പറഞ്ഞ മറുപടി നമ്മളെയെല്ലാം ചിരിപ്പിക്കുന്ന മറുപടിയാണെന്നും ഇവിടെ വരുന്ന ആളുകൾ മുംബൈയിലും ഡൽഹിയിലും പോയി കേരളത്തെപ്പറ്റി പുകഴ്ത്തി പറയുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഈ വെള്ളക്കെട്ടിനെ കുറിച്ചാണോ പറയുന്നതെന്നും വിഡി സതീശൻ പരിഹസിച്ചു.