തിരുവനന്തപുരം: പിണറായി ഭരണത്തിൽ കേരളം ഗുണ്ടകളുടെ നാടായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സി.പി.എം ഗുണ്ടകളെ സ്പോൺസർ ചെയ്യുകയാണ്. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ ഗുണ്ടകൾ അഴിഞ്ഞാടുകയാണ്. തുടർ ഭരണം വന്നതിൽ പിന്നെ പാർട്ടി അണികൾക്ക് എന്തുമാവാമെന്ന സ്ഥിതിയാണെന്നും വി.ഡി സതീശൻ ആരോപിച്ചു.
മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയുക, തകർന്ന ക്രമസമാധാനനില പുനഃസ്ഥാപിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് ജനപ്രതിനിധികൾ നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്. ഗുണ്ട ആക്രമണത്തിൽ സംസ്ഥാനം ഭയന്ന് വിറച്ച് നിൽക്കുമ്പോഴും പൊലീസ് സേനയെ നിർവീര്യമാക്കുകയാണ്. ജനങ്ങൾക്ക് സംരക്ഷണം ഒരുക്കാൻ സർക്കാരിന് കഴിയുന്നില്ല.
ALSO READ: പ്രായപരിധി കർശനം: മുതിർന്ന നേതാക്കളെ ഒഴിവാക്കി, ജി സുധാകരനും പുറത്തേക്ക്
ജയിലുകൾ കൊലയാളികളുടെ സുഖവാസ കേന്ദ്രങ്ങളാക്കി സിപിഎം മാറ്റി. മദ്യവും ലഹരി വസ്തുക്കളും ജയിലുകളിൽ ഇപ്പോൾ സുലഭമാണ്. മയക്കുമരുന്ന് സംഘങ്ങൾക്ക് സി.പി.എമ്മും സംഘടനകളും ഒത്താശ ചെയ്യുന്നു. പിണറായിക്ക് ഇപ്പോൾ സ്വന്തം നിഴലിനെപ്പോലും ഭയമാണെന്നും വി.ഡി സതീശൻ പറഞ്ഞു.