തിരുവനന്തപുരം : മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ശ്രമിച്ച് പിണറായി സർക്കാർ നരേന്ദ്ര മോദിയുടെ കാർബൺ കോപ്പിയാവുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമസഭ സ്‌പീക്കറുടെ ഓഫിസിന് മുന്നിലെ സംഘർഷം ചിത്രീകരിച്ചതിന് മാധ്യമങ്ങൾക്ക് നോട്ടിസ് നൽകിയ നിയമസഭ സെക്രട്ടേറിയറ്റിന്‍റെ നടപടിയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എട്ട് പ്രതിപക്ഷ എംഎൽഎമാരുടെ പി എമാർക്കും ദൃശ്യങ്ങൾ ചിത്രീകരിച്ചതിന് നോട്ടിസ് നൽകിയിട്ടുണ്ടെന്നും മന്ത്രിമാരുടെയും ഭരണപക്ഷ എംഎൽഎമാരുടെയും സ്റ്റാഫംഗങ്ങൾ സ്‌പീക്കറുടെ ഓഫിസിന് മുന്നിലെ സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും അത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. ഭരണപക്ഷത്തിലുളളവർക്ക് നോട്ടിസ് നൽകാൻ നിയമസഭ സെക്രട്ടേറിയറ്റ് ബോധപൂർവ്വം മറന്നതാണോ? അതോ മുഖ്യമന്ത്രിയെ ഭയമാണോ എന്നും അദ്ദേഹം ചോദിച്ചു. നിയമസഭ സെക്രട്ടേറിയറ്റിന്‍റെ നടപടി ഏകപക്ഷീയവും അപലപനീയവുമായാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പുരപ്പുറത്ത് കയറി നിന്ന് മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്ന അതേ മുഖ്യമന്ത്രിയും സംഘവും തന്നെയാണ് മാധ്യമ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുന്നത്. മാധ്യമ പ്രവർത്തകരുടെ സംഘടന കൂടി ഈ വിഷയത്തിൽ ഇടപെടണം. മാധ്യമങ്ങളെയും വിമർശകരെയും തെറ്റുകൾക്കെതിരെ പ്രതികരിക്കുന്നവരെയും മുഖ്യമന്ത്രിക്കും സർക്കാരിനും ഭയമാണ്. അതുകൊണ്ടാണ് സഭാ ടി വിയെ സർക്കാർ വിലാസം ടി വിയാക്കി അധഃപതിപ്പിച്ചത്.
പ്രതിപക്ഷ പ്രതിഷേധങ്ങളെ സഭാ ടി വി അവഗണിച്ചാൽ ആ ദൃശ്യങ്ങൾ നിയമം ലംഘിച്ചും പുറത്തെത്തിക്കും. സർക്കാരിന്‍റെയും നിയമസഭ സെക്രട്ടേറിയറ്റിന്‍റെയും ഭീഷണി പ്രതിപക്ഷത്തോട് വേണ്ട. അത് കേരളത്തിൽ വിലപ്പോകില്ല - വി ഡി സതീശൻ പറഞ്ഞു.
സഭ ടി വിക്കെതിരെ വി ഡി സതീശൻ : സഭ ടിവി പ്രവർത്തിക്കുന്നത് ഏകപക്ഷീയമായാണെന്ന് വി ഡി സതീശൻ ആരോപിച്ചിരുന്നു. സഭ ടിവിയിലൂടെ പ്രതിപക്ഷ പ്രതിഷേധമോ പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതോ സംപ്രേഷണം ചെയ്യുന്നില്ലെന്ന് വി ഡി സതീശൻ ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ പോലും മന്ത്രിമാരുടെ മുഖമാണ് കാണിക്കുന്നത്. പ്രതിപക്ഷം ഇതിൽ പലതവണ പരാതി നൽകിയെങ്കിലും മാറ്റമുണ്ടായിട്ടില്ല. ഭരണകക്ഷിക്ക് വേണ്ടിയാണ് സഭ ടിവി പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാനാണ് വീഡിയോ പുറത്തുവിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഈ കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ ആയിരുന്നു അടിയന്തര പ്രമേയ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പ്രതിഷേധം ശക്തമായത്. തുടർന്ന് സ്‌പീക്കറുടെ ഓഫിസിന് മുന്നിൽ പ്രതിഷേധിക്കുകയായിരുന്നു പ്രതിപക്ഷ അംഗങ്ങളും വാച്ച് ആൻഡ് വാർഡൻമാരും ഭരണപക്ഷ എം എൽ എമാരും തമ്മിൽ സംഘർഷമായി. ഇതിന്‍റെ ദൃശ്യങ്ങളാണ് ചിത്രീകരിച്ച് പ്രചരിപ്പിച്ചത്.
പ്രതിപക്ഷത്തിനെതിരെ സ്‌പീക്കർ : നിയമസഭയ്‌ക്കുള്ളിൽ വീഡിയോ എടുക്കാൻ പാടില്ല എന്നതാണ് ചട്ടം. എന്നാൽ, പ്രതിപക്ഷം ഇത് പാലിച്ചില്ല. പ്രതിപക്ഷം പലതവണ ഇത് പാലിക്കാതെ വിഡിയോകൾ പുറത്തുവിട്ടു.
Also read : പരസ്‌പരം ആരോപണങ്ങളുമായി സ്‌പീക്കറും പ്രതിപക്ഷവും ; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു