തിരുവനന്തപുരം: മുന്‍ എം.എല്‍.എ കെ.എസ് ശബരിനാഥന്‍റെ അറസ്റ്റ് സര്‍ക്കാരിന്‍റെ ഉന്നതതലത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വിമാനത്തില്‍ നടന്നത് പ്രതിഷേധം മാത്രമാണെന്നും ആയുധമൊന്നും പ്രതിഷേധക്കാരുടെ കൈയിലുണ്ടായിരുന്നില്ലെന്നും പറഞ്ഞാണ് ഹൈക്കോടതി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കിയത്. ഈ കേസിലാണ് മുന്‍ എം.എല്‍.എ പ്രതിയാക്കിയിരിക്കുന്നത്.
ഇല്ലാത്ത സംഭവമുണ്ടാക്കി കേസാക്കിയാണ് ഈ അറസ്റ്റ്. രാവിലെ 10.30ന് ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തി 15 മിനിറ്റിനുള്ളില്‍ അറസ്റ്റ് രേഖപ്പെടുത്തിയെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുമ്പോഴാണ് ഈ അറസ്റ്റ് വിവരം അറിയിക്കുന്നത്. കോടതിയെ പോലും കബളിപ്പിച്ചിരിക്കുകയാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു.
അധികാരവും പൊലീസും കൈയിലുണ്ടെന്ന് കരുതി തെറ്റായ വഴികളിലൂടെയാണ് സര്‍ക്കാര്‍ പോകുന്നത്. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. അതിനെതിരെ വധശ്രമത്തിന് കേസെടുക്കുന്നത് ശരിയായ രീതിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിഷേധക്കാരെ ആക്രമിച്ച ഇ.പി.ജയരാജനെതിരെ ഇതുവരെ കേസെടുത്തിട്ടില്ല.
വിമാനത്തിലെ പ്രതിഷേധം സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതെല്ലാം അവാസ്ഥവമാണെന്നും സതീശന്‍ ആരോപിച്ചു.