തിരുവനന്തപുരം : നിയമസഭയിൽ ദൃശ്യങ്ങൾ പകർത്തുന്നതിന് മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം നിയമസഭ സ്‌പീക്കർ എ.എൻ ഷംസീറിന് കത്ത് നൽകി. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ചോദ്യോത്തരവേള വരെയുള്ള നടപടിക്രമങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകരെ ഗാലറിയില്‍ പ്രവേശിപ്പിച്ചിരുന്നത് റദ്ദാക്കിയിരുന്നു.
അതിന് മുൻപ് വരെ മാധ്യമ പ്രവർത്തകരെ ഗാലറിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ കൊവിഡ് പ്രതിസന്ധി അവസാനിച്ച് പ്രോട്ടോക്കോൾ പിൻവലിച്ചിട്ടും മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ വിലക്ക് പിന്‍വലിച്ചിട്ടില്ലെന്നും വി.ഡി സതീശൻ സ്‌പീക്കർക്കയച്ച കത്തിൽ പറയുന്നു. ഈ മാധ്യമ വിലക്ക് അടിയന്തരമായി പിൻവലിക്കണമെന്നും വിഡി സതീശൻ കത്തിൽ ആവശ്യപ്പെട്ടു. സഭ ടിവി പ്രതിപക്ഷത്തിന്‍റെ പ്രതിഷേധങ്ങള്‍ പുറത്തുവിടാതെ ഭരണകക്ഷിക്ക് വേണ്ടി മാത്രമുള്ള ചാനലായി മാറിയിരിക്കുകയാണെന്നും സതീശൻ കത്തിൽ കുറ്റപ്പെടുത്തി.
നിയമസഭയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് നിയമസഭയുടെ അന്തസ്സ് ഇടിച്ച് താഴ്ത്തുന്നതും മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും കത്തിൽ പറയുന്നു. എല്ലാ അംഗീകൃത ദൃശ്യ മാധ്യമ ചാനലുകള്‍ക്കും ചോദ്യോത്തരവേളയുടെ തത്സമയം ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനുള്ള അനുവാദം പുനസ്ഥാപിച്ചുനൽകണമെന്നും കത്തിൽ പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നുണ്ട്.