തിരുവനന്തപുരം : 2023 ലെ വയലാർ അവാർഡ് (Vayalar Award) ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയ്‌ക്ക് (Sreekumaran Thampi). 'ജീവിതം ഒരു പെൻഡുലം' എന്ന ആത്മകഥയ്‌ക്കാണ് (Biography) പുരസ്‌കാരം. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരനാണ് അവാർഡ് പ്രഖ്യാപനം നടത്തിയത് (Vayalar Award For Sreekumaran Thampi).
വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്‌ടോബര്‍ 27 ന് വൈകിട്ട് 5.30 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങിലാകും അവാര്‍ഡ് നൽകുക. ഒരു ലക്ഷം രൂപയും പ്രശസ്‌തി പത്രവും കാനായി കുഞ്ഞിരാമന്‍ നിര്‍മിച്ച വെങ്കല ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. എഴുത്തുകാരായ വിജയലക്ഷ്‌മി, പി കെ രാജശേഖരന്‍, എല്‍ തോമസ് കുട്ടി എന്നിവരുടെ പാനലാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
ട്രസ്റ്റ് തെരഞ്ഞെടുത്ത 926 പേരോട് അവാര്‍ഡിന് പരിഗണിക്കാനുള്ള പുസ്‌തകം നിര്‍ദേശിക്കാന്‍ ആവശ്യപ്പെടും. ഇതില്‍ 190 പേരില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പോയിന്‍റുകള്‍ ലഭിച്ച അഞ്ച് കൃതികള്‍ തെരഞ്ഞെടുത്ത 20 പേര്‍ക്ക് വിലയിരുത്താനായി അയക്കും. തുടര്‍ന്ന് സാഹിത്യ സൃഷ്‌ടികൾക്ക് റാങ്കുകള്‍ നൽകി ജഡ്‌ജിംഗ് കമ്മിറ്റിക്ക് കൈമാറും.
ഇതില്‍ നിന്നുമാണ് അവാര്‍ഡിനുള്ള കൃതി തെരഞ്ഞെടുക്കുക. ജഡ്‌ജിംഗ് പാനലിലെ മൂന്ന് പേരും ശ്രീകുമാരന്‍ തമ്പിയുടെ 'ജീവിതം ഒരു പെന്‍ഡുലം' എന്ന പുസ്‌തകം തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് പെരുമ്പടവം ശ്രീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുരസ്‌കാരദാന ചടങ്ങില്‍, ചെന്നൈയിലെ ആശാന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മലയാളം ഇഷ്‌ട വിഷയമായെടുത്ത് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി പത്താം ക്ലാസ് പാസായ അക്ഷയ് കെ പി എന്ന വിദ്യാര്‍ഥിക്ക് വയലാര്‍ രാമവര്‍മ്മ സ്‌കോളര്‍ഷിപ്പ് കൈമാറും.
5000 രൂപയാകും സ്‌കോളര്‍ഷിപ്പായി വിദ്യാര്‍ഥിക്ക് ലഭിക്കുക. അവാര്‍ഡ് ദാന ചടങ്ങില്‍ വയലാര്‍ രാമവര്‍മ്മ രചിച്ച ഗാനങ്ങളും കവിതകളും കോര്‍ത്തിണക്കിയുള്ള ഗാനാഞ്‌ജലിയും അരങ്ങേറും. പ്രശസ്‌ത ഗായകര്‍ പരിപാടികളില്‍ പങ്കാളികളാകുമെന്നും വയലാര്‍ ട്രസ്റ്റ് അംഗങ്ങള്‍ അറിയിച്ചു.
മലയാളികളുടെ പ്രിയപ്പെട്ട ശ്രീകുമാരൻ തമ്പി : ഗാനരചയിതാവ്, തിരക്കഥാകൃത്ത്, സംവിധായകൻ, സംഗീത സംവിധായകൻ, ടെലിവിഷൻ സീരിയൽ നിർമാതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനാണ് ശ്രീകുമാരൻ തമ്പി. സാഹിത്യ രചനയേക്കാൾ സംഗീതമാണ് തന്‍റെ ജീവിതം എന്നാണ് കലാഹൃദയത്തിന്‍റെ അവകാശിയായ അദ്ദേഹം എപ്പോഴും പറയാറുള്ളത്. 1966 ൽ പി സുബ്രഹ്മണ്യം സംവിധാനം ചെയ്‌ത 'കാട്ടുമല്ലിക' എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ആദ്യ ഗാനരചന. 'അവളുടെ കണ്ണുകൾ കരിങ്കദളിപ്പൂക്കൾ...' എന്ന ഗാനം ആസ്വാദകർ ഏറ്റെടുത്തു.
പിന്നീട് വയലാറിനും ഒഎൻവിക്കും പിന്നാലെ ശ്രീകുമാരൻ തമ്പി എന്ന പേരും വളരെ പെട്ടെന്ന് സംഗീതാസ്വാദകരുടെ മനസിൽ ഇടം പിടിച്ചു. ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം,ഹൃദയസരസിലെ പ്രണയപുഷ്‌പമേ, ഈശ്വരനൊരിക്കൽ വിരുന്നിനുപോയി, എന്നിവയെല്ലാം മലയാളികൾ നെഞ്ചിലേറ്റിയ ഗാനങ്ങളാണ്. ഈ കാലയളവിൽ 3000 ലധികം ഗാനങ്ങള്‍ രചിച്ച ശ്രീകുമാരൻ തമ്പി സർഗാത്മകതയുടെ ബഹുമുഖ തലങ്ങളിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ഉള്ളിലെ സാഹിത്യത്തെയും സംഗീതത്തേയും അദ്ദേഹം ജീവിതത്തിലുടനീളം മുറുകെ പിടിച്ചു. 85 ഓളം തിരക്കഥകളെഴുതി, 30 ഓളം സിനിമകള്‍ സംവിധാനം ചെയ്‌തു, 25 ചിത്രങ്ങള്‍ നിര്‍മിച്ചു. പത്തിലധികം ടിവി സീരിയലുകളും 40ലധികം ഡോക്യുമെന്‍ററികളും ഒരുക്കി. അത്തരത്തില്‍ ശ്രീകുമാരൻ തമ്പിയുടെ സൃഷ്‌ടികൾ നിരവധിയാണ്. ഗാനരചനയ്‌ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 1940 ൽ കളരിക്കൽ കൃഷ്‌ണപിള്ളയുടേയും ഭവാനിക്കുട്ടി തങ്കച്ചിയുടേയും മകനായി ആലപ്പുഴ ജില്ലയിലെ ഹരിപ്പാടായിരുന്നു ജനനം.