തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ഇതുവരെയില്ലാത്ത വികസനം നടന്നുവെന്ന് വോട്ടർമാരെ തെറ്റിധരിപ്പിക്കാനാണ് സിപിഎമ്മിന്‍റെ ശ്രമമെന്ന് യുഡിഎഫ് സ്ഥാനാർഥി വീണ എസ് നായർ. ശബരിമല വിഷയത്തിലെ എൽഡിഎഫ്, ബിജെപി നിലപാടുകൾ മണ്ഡലത്തിലെ വോട്ടർമാർ ചർച്ച ചെയ്യും. യുഡിഎഫ് വിശ്വാസി സമൂഹത്തിന് ഒപ്പമാണ്. തൊഴിലില്ലായ്മടക്കമുള്ള വിഷയങ്ങൾ പരിഗണിച്ചാണ് ഏതു മുന്നണി വേണമെന്ന് ജനം തീരുമാനിക്കുക. ഒരു വർഷം തരൂ എന്ന് പറഞ്ഞവർ ഒന്നര വർഷം കഴിഞ്ഞിട്ടും വട്ടിയൂർക്കാവിൽ ഒന്നും ചെയ്തില്ലെന്നും വീണ എസ് നായർ ഇടിവി ഭാരതിനോട് പറഞ്ഞു.
450 കോടിയുടെ വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തിന്‍റെ പ്രാഥമിക പ്രവർത്തനങ്ങൾ കെ.മുരളീധരൻ എംഎൽഎ ആയിരുന്ന കാലത്ത് നടന്നതാണ്. അതിനുശേഷം സ്ഥലം ഏറ്റെടുക്കാനുള്ള നടപടി പോലും നടന്നിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി തെറ്റിധരിപ്പിക്കൽ നടക്കുന്നുണ്ട്. ജനിച്ചു വളർന്ന മണ്ണിൽ മത്സരിക്കുന്നതിന്‍റെ ആനുകൂല്യം തനിക്ക് ലഭിക്കുമെന്നും വീണ എസ് നായർ പറഞ്ഞു.