തിരുവനന്തപുരം : വര്‍ക്കലയില്‍ 56കാരിയെ കമ്പിപ്പാരകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തി. അയിരൂര്‍ കുളത്തറ എംഎസ് വില്ലയില്‍ ലീനാമണിയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവിന്‍റെ ബന്ധുക്കളായ ഷാജി, അഹദ്, മുഹ്‌സിന്‍ എന്നിവരാണ് ആക്രമണത്തിന് പിന്നില്‍. പ്രതികള്‍ക്കായി വര്‍ക്കല പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഞായറാഴ്‌ച ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ലീനാമണിയെ ഉടന്‍ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലീനാമണിയും ഭര്‍ത്താവിന്‍റെ ബന്ധുക്കളുമായി, ദീര്‍ഘനാളായി നിലനിന്നിരുന്ന സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. വധം നടന്ന ഉടനെ പ്രതികള്‍ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു.
അങ്കമാലി കൊലപാതകം: 'പ്രകോപനം സൗഹൃദം അവസാനിപ്പിച്ചത്': അങ്കമാലി എംഎജിജെ ആശുപത്രിയിൽ ശനിയാഴ്‌ച (ജൂലൈ 15) ഉച്ചയോടെ യുവതി കുത്തേറ്റ് മരിച്ച സംഭവത്തിൽ പൊലീസ്, പ്രതി മഹേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ലിജിയെ കുത്തി കൊലപ്പെടുത്തിയ മഹേഷിനെ ഇന്ന് മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയിരുന്നു. ലിജി താനുമായുള്ള സൗഹൃദം അവസാനിപ്പിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് ഇയാള്‍ പൊലീസിന് മൊഴി നൽകിയത്. രോഗിയായ അമ്മയ്‌ക്ക് ആശുപത്രിയില്‍ കൂട്ടിരിക്കുന്നതിനിടെയാണ് സംഭവം.
ആശുപത്രിയിലെത്തി ലിജിയെ നേരിൽ കണ്ട് സൗഹൃദം തുടരണമെന്ന് പ്രതി ആവശ്യപ്പെട്ടിരുന്നു. ഫോൺ വിളിച്ചാൽ എടുക്കാത്തതിനെ തുടർന്നാണ് മഹേഷ് ലിജിയെ തേടി ആശുപത്രിയിലെത്തിയത്. വർഷങ്ങൾക്ക് മുന്‍പ് പെരുമ്പാവൂരിലെ ഹയർ സെക്കൻഡറി ക്ലാസിൽ ഒരുമിച്ച് പഠിച്ച ഇരുവര്‍ക്കുമിടയില്‍ അടുത്ത സൗഹൃദമുണ്ടായിരുന്നു. എന്നാൽ, ഇത് തുടരാൻ തയ്യാറെല്ലന്നും നമ്പർ ബ്ലോക്ക് ചെയ്യുമെന്നും പറഞ്ഞതോടെയാണ് മഹേഷ് ലിജിയെ ആക്രമിച്ചത്.
കൈയ്ക്ക് കുത്തേറ്റ ലിജി നിലവിളിച്ചതോടെ ആശുപത്രിയുടെ വരാന്തയുടെ ഒരു ഭാഗത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി നെഞ്ചിലും വയറിലും കുത്തുകയായിരുന്നു. നിലവിളി കേട്ടതിനെ തുടർന്ന് ആശുപത്രിയില്‍ ഉണ്ടായിരുന്നവർ ഓടിയെത്തി ആക്രമണം തടയാൻ ശ്രമിച്ചെങ്കിലും പ്രതി ആളുകൾക്കെതിരെ കത്തി വീശി. ആശുപത്രി ജീവനക്കാർക്കും മറ്റുള്ളവർക്കും തടയാൻ കഴിയുന്നതിന് മുന്‍പുതന്നെ പ്രതി ലിജിയെ കൊലപ്പെടുത്തുകയായിരുന്നു.
ആശുപത്രിയുടെ നാലാം നിലയിൽവച്ചാണ് ക്രൂരമായ കൊലപാതകമുണ്ടായത്. ഇതേ ആശുപത്രിയിൽവച്ച് തന്നെ അടിയന്തരമായി ലിജിക്ക് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെ സുരക്ഷാജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും ചേർന്നാണ് പ്രതിയെ കീഴ്‌പ്പെടുത്തി പൊലീസിന് കൈമാറിയത്. അങ്കമാലി പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി മഹേഷിനെ വിശദമായി ചോദ്യം ചെയ്‌ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.