തിരുവനന്തപുരം: സ്‌ത്രീ സുരക്ഷയുടെ കാര്യത്തില്‍ സംസ്ഥാനത്ത് വന്‍ വീഴ്‌ചയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം അക്രമത്തിന് ഇരയായ സ്ത്രീയെ വീട്ടിലെത്തി സന്ദർശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അക്രമം നടന്ന് ഇത്ര ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാകാത്തത് ആഭ്യന്തര വകുപ്പിന്‍റെ ഏറ്റവും വലിയ വീഴ്‌ചയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
തലസ്ഥാനത്തിന്‍റെ നഗരത്തിൽ തന്നെ അഞ്ച് മാസത്തിനിടെ നിരവധി സ്ത്രീകളാണ് തുടരെ ആക്രമിക്കപ്പെട്ടത്. സുരക്ഷയുടെ കാര്യത്തിൽ ഗുരുതര വീഴ്‌ചയാണ് പൊലീസിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും സുരേന്ദ്രൻ പറഞ്ഞു. മാര്‍ച്ച് 13നായിരുന്നു വഞ്ചിയൂരില്‍ രാത്രിയാണ് സ്‌ത്രീ ആക്രമണത്തിന് ഇരയായത്.
മരുന്ന് വാങ്ങാനായി ഇരുചക്ര വാഹനത്തില്‍ വഞ്ചിയൂരെത്തിയപ്പോഴാണ് ആക്രമണത്തിന് ഇരയായത്. പൊലീസ് സഹായം തേടിയിട്ടും ലഭിക്കാത്തതിനെ തുടര്‍ന്ന് കൈക്കും കണ്ണിനും പരിക്കേറ്റ സ്‌ത്രീ മകളോടൊപ്പമാണ് ആശുപത്രിയിലെത്തി ചികിത്സ തേടിയത്. ആശുപത്രിയിലെത്തി ചികിത്സ തേടിയതിന് ശേഷമാണ് പൊലീസ് സഹായവുമായെത്തിയത്.
സംഭവത്തെ തുടര്‍ന്ന് പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഗുരുതര അനാസ്ഥയാണ് ഉണ്ടായതെന്ന് വിവിധയിടങ്ങളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പൊലീസ് സഹായം ലഭിക്കാത്തതിനെ തുടര്‍ന്ന് ആക്രമണത്തിന് ഇരയായ സ്‌ത്രീ പരാതി നല്‍കുകയും രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്‌തിരുന്നു.
more read: വഞ്ചിയൂരില്‍ സ്ത്രീ ആക്രമിക്കപ്പെട്ടിട്ട് 9 ദിവസം: പ്രതിയെ കുറിച്ച് സൂചനയില്ലാതെ പൊലീസ്
സ്‌ത്രീക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതികരിച്ച് മന്ത്രി വി.ശിവന്‍കുട്ടി: വഞ്ചിയൂരില്‍ നടുറോഡില്‍ രാത്രി സ്‌ത്രീയ്‌ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിയെ പിടികൂടാൻ കഴിയാത്തതിൽ ഇരയായ സ്ത്രീക്ക് ആക്ഷേപം ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി. ആക്രമണത്തിന് ഇരയായ സ്ത്രീയെ സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാനാകാത്തതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
എന്നാൽ ആക്രമണത്തിന് ഇരയായ സ്ത്രീക്ക് ആഭ്യന്തര വകുപ്പിനെതിരെ ആക്ഷേപങ്ങളൊന്നും ഇല്ലെന്ന് പറഞ്ഞതായും കേസില്‍ പൊലീസ് ഊർജിതമായ അന്വേഷണം നടത്തുന്നുണ്ടെന്നും വി.ശിവൻകുട്ടി പ്രതികരിച്ചു. സ്ത്രീയുടെ പരാതിക്ക് മേൽ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്. കേസ് അന്വേഷണത്തിനായി ഉന്നത പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും വി. ശിവൻകുട്ടി പറഞ്ഞു.
ഇരയെ സന്ദര്‍ശിച്ച വിഡി സതീശന്‍റെ പ്രതികരണം : വിദ്യാഭ്യാസ മന്ത്രിക്ക് തൊട്ട് മുമ്പ് ആക്രമണത്തിന് ഇരയായ സ്‌ത്രീയെ വിഡി സതീശന്‍ സന്ദര്‍ശിച്ചിരുന്നു. അന്വേഷണത്തിൽ പ്രതിയെ കണ്ടെത്താൻ കഴിയാത്തത് ആഭ്യന്തര വകുപ്പിന്‍റെ പരാജയമാണെന്നാണ് സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
പ്രതിപക്ഷ നേതാവിന്‍റെത് തെറ്റായ പ്രചരണമെന്ന് ശിവന്‍കുട്ടി: പ്രതിപക്ഷ നേതാവ് എല്ലാ വിഷയങ്ങളെയും രാഷ്ട്രീയ വത്കരിക്കുന്നുവെന്നുവെന്ന് മന്ത്രി വി.ശിവന്‍കുട്ടി കുറ്റപ്പെടുത്തി. ആഭ്യന്തര വകുപ്പ് പരാജയമാണ് എന്നത് തികച്ചും തെറ്റായ പ്രചരണമാണെന്നും ശിവൻകുട്ടി പറഞ്ഞു. സമൂഹത്തില്‍ ഭീതി ഉയർത്തി കലാപം സൃഷ്‌ടിക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സാധ്യതമായ മുഴുവൻ കാര്യങ്ങളും സംസ്ഥാന സർക്കാരും പൊലീസും ചെയ്യുന്നുണ്ടന്നും മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി.
also read: വഞ്ചിയൂരില്‍ സ്ത്രീയെ ആക്രമിച്ച സംഭവം: സിസിടിവി ദൃശ്യത്തില്‍ വ്യക്തതയില്ലെന്ന് പൊലീസ്