തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അർജുനെ വെറുതെവിട്ട കോടതി വിധിക്ക് പിന്നാലെ പുനരന്വേഷണം ആവശ്യപ്പെട്ട് പെൺക്കുട്ടിയുടെ മാതാപിതാക്കൾ ( Vandipperiyar murder case). ഇക്കാര്യമടക്കം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു.
കോടതി വിധി റദ്ദ് ചെയത് പ്രതിയെ അറസ്റ്റ് ചെയ്‌ത് അന്വേഷണം മുന്നോട്ടു പോകണം. കേസ് അന്വേഷണത്തിൽ പ്രോസിക്യൂഷനും പൊലീസിനും സംഭവിച്ച വീഴ്‌ച അന്വേഷിക്കണം. ഹൈക്കോടതിയിൽ അപ്പീൽ പോകുമ്പോൾ വിശ്വാസമുള്ള പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് മുന്നിൽ വെച്ചത്.
സംസ്ഥാന പൊലീസ് മേധാവിയുമായി ചർച്ച ചെയ്‌ത് ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പെൺക്കുട്ടിയുടെ കുടുംബത്തിന് ഉറപ്പ് നൽകി.
വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസിൽ പ്രതിയെ കട്ടപ്പന അതിവേഗ സ്‌പെഷ്യൽ കോടതിയാണ് വെറുതെ വിട്ടത്. ജഡ്‌ജി വി മഞ്ജു ആണ് വിധി പറഞ്ഞത്. കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിന് ശേഷമാണ് വിധി പറഞ്ഞത്. അതേസമയം കേസിൽ വിചാരണാകോടതി ഉത്തരവ് ചോദ്യം ചെയ്‌ത് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. പ്രതി അർജുനെ വെറുതെവിട്ട കോടതി ഉത്തരവ് റദ്ദാക്കണമെന്ന് അപ്പീലിൽ ആവശ്യപ്പെട്ടു.
2021 ജൂൺ മാസം 30 നാണ് പെൺക്കുട്ടിയെ വണ്ടിപ്പെരിയാറിലെ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിലെ മുറിയിൽ കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ അറസ്റ്റിലായ പ്രതി അർജുനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോൾ മൂന്ന് വർഷമായി പെൺക്കുട്ടിയെ താൻ പീഡിപ്പിച്ചിരുന്നുവെന്നും കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നും പൊലീസിന് മെഴിനൽകിയിരുന്നു. 2021 സെപ്‌റ്റംബർ 21 ന് കേസിൽ കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിന് ശേഷം തെളിവുകളുടെ അഭാവത്തിൽ പ്രതിയെ കോടതി വെറുതെ വിട്ടു.