തിരുവനന്തപുരം: കാത്തിരിപ്പിനൊടുവിൽ കേരളത്തിന് വിഷു കൈനീട്ടമായി ലഭിച്ച വന്ദേഭാരത് എക്‌സ്‌പ്രസ് തിരുവനന്തപുരത്ത് എത്തി. വൈകിട്ട് ആറ് മണിയോടെ കൊച്ചുവേളി റെയിൽവേ സ്‌റ്റേഷനിലാണ് വന്ദേഭാരത് എക്‌സ്‌പ്രസ് എത്തിച്ചത്. കൊച്ചുവേളി റെയിൽവേ സ്‌റ്റേഷനിൽ നൂറുകണക്കിന് ബിജെപി പ്രവർത്തകരാണ് വന്ദേ ഭാരതിനെ വരവേൽക്കാനായി തടിച്ചു കൂടിയത്.
ബാൻഡ് മേളത്തിന്‍റെ അകമ്പടിയോടെ പൂക്കൾ എറിഞ്ഞാണ് പ്രവർത്തകർ വന്ദേഭാരത് എക്‌സ്‌പ്രസിനെ സ്വീകരിച്ചത്. വന്ദേ ഭാരത് എക്‌സ്‌പ്രസിന്‍റെ ലോക്കോ പൈലറ്റുമാരെ കേന്ദ്രമന്ത്രി വി മുരളീധരൻ സ്വീകരിച്ചു. വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനിനെ നിലവിൽ റെയിൽവേ യാർഡിലേക്കാണ് മാറ്റിയിരിക്കുന്നത്. തിരുവനന്തപുരം-കോഴിക്കോട് റൂട്ടിൽ വന്ദേ ഭാരത് എക്‌സ്‌പ്രസ് പരീക്ഷണ ഓട്ടം നടത്തും.
പരീക്ഷണ ഓട്ടം എപ്പോൾ നടത്തുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ലഭിച്ചിട്ടില്ല. ഷെഡ്യൂളുകളുടെ സമയക്രമവും പിന്നീട് നിശ്ചയിക്കും. 180 കിലോമീറ്റര്‍ ആണ് വന്ദേ ഭാരതിന്‍റെ പരമാവധി വേഗം. ചെന്നൈ വില്ലിവാക്കത്ത് നിന്നാണ് ട്രെയിൻ തിരുവനന്തപുരത്തേക്ക് എത്തിച്ചത്.
ദക്ഷിണ റെയിൽവേയിലെ മൂന്നാമത്തെയും രാജ്യത്തെ പതിനാലാമത്തെയും വന്ദേഭാരത് ട്രെയിനാണ് കേരളത്തിന് ലഭിച്ചിരിക്കുന്നത്. പെരമ്പൂർ ഇന്‍റഗ്രൽ കോച്ച് ഫാക്‌ടറിയിലാണ് ട്രെയിനിന്‍റെ ബോഗികൾ നിർമിച്ചത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ആരംഭിക്കുന്ന ആദ്യ ഘട്ട സർവീസിന് പരമാവധി വേഗം 100 മുതൽ 110 വരെയാണ് എന്നാണ് കണക്കാക്കുന്നത്.
യഥാർഥത്തിൽ അതിവേഗ ട്രെയിൻ ആയ വന്ദേഭാരതിന് അതിന്‍റെ പൂർണ വേഗം കേരളത്തിൽ എടുക്കാൻ സാധിക്കില്ല. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ പരമാവധി ആറ് സ്‌റ്റോപ്പുകളാണ് ഉണ്ടാവുക എന്നാണ് ദക്ഷിണ റെയിൽവേ അറിയിച്ചിരിക്കുന്നത്. പരീക്ഷണ ഓട്ടങ്ങൾക്ക് ശേഷം അന്തിമ സമയ ക്രമീകരണ പട്ടിക പ്രസിദ്ധീകരിക്കും.
കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട് എന്നിവിടങ്ങളിലായിരിക്കും വന്ദേ ഭാരതിന് സ്‌റ്റോപ്പുകൾ ഉണ്ടാകുക. 52 സെക്കന്‍റുകള്‍ കൊണ്ട് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാൻ കഴിയും എന്നതാണ് വന്ദേ ഭാരത് ട്രെയിനുകളുടെ പ്രത്യേകത.
മുന്നിലും പിന്നിലും ഡ്രൈവർ ക്യാബിനുകളുമുണ്ട്. എ സി കോച്ചുകളാണ്. 24ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി 25 ന് തിരുവനന്തപുരത്ത് വന്ദേഭാരത് ഫ്ളാഗ് ഓഫ് കര്‍മം നിര്‍വഹിക്കും. ഉദ്ഘാടന പരിപാടിയില്‍ പ്രധാനമന്ത്രിക്കൊപ്പം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവും പങ്കെടുക്കും.
മെട്രോ ട്രെയിനുകൾക്ക് സമാനമായി താരതമ്യേന കനം കുറഞ്ഞ സ്‌റ്റയിൻലെസ് സ്‌റ്റീലുകൾ ഉപയോഗിച്ചാണ് വന്ദേഭാരതിന്‍റെ കോച്ചുകൾ നിർമിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവ തുരുമ്പെടുക്കുകയില്ലെന്ന പ്രത്യേകതയുമുണ്ട്. ഓരോ വന്ദേഭാരത് എക്‌സ്പ്രസിന്‍റെയും രണ്ട് അറ്റത്തും ഡ്രൈവറുടെ ക്യാബിനുണ്ട്.
അഡ്വാൻസ്‌ഡ് റീജെനറേറ്റിവ് ബ്രേക്കിങ് സിസ്‌റ്റവും വന്ദേഭാരതിലുണ്ട്. അടിയന്തര സാഹചര്യത്തിൽ ലോക്കോ പൈലറ്റിനും ട്രെയിൻ ഗാർഡിനും യാത്രക്കാരുമായി സംവദിക്കാനുള്ള സൗകര്യവുമുണ്ട്.