തിരുവനന്തപുരം: വഞ്ചിയൂര്‍ ട്രഷറിയില്‍ ബിജുലാല്‍ തട്ടിപ്പ് നടത്താന്‍ തുടങ്ങിയത് 2019 മുതലെന്ന് പൊലീസ് എഫ്ഐആര്‍. 23-12-2019 മുതല്‍ 31-07-2020 വരെയുള്ള കാലയളവിലാണ് ബിജുലാല്‍ തട്ടിപ്പ് നടത്തിയതെന്നാണ് എഫ്ഐആർ വ്യക്തമാക്കുന്നത്. ഈ കാലയളവില്‍ വിരമിച്ച ഉദ്യോഗസ്ഥരുടെ യൂസര്‍നെയിമും പാസ്‌വേഡും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയിട്ടുണ്ട്.
jf 1058079 എന്ന ചെക്ക് ഉപയോഗിച്ചാണ് 60 ലക്ഷം രൂപ മാറിയെടുത്തത്. ഈ തുക ബിജുലാലിന്‍റെയും ഭാര്യ സിമിയുടേയും അക്കൗണ്ടിലേക്ക് മാറ്റി സ്വകാര്യമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ട്. ആള്‍മാറാട്ടം, സര്‍ക്കാരിനെ വഞ്ചിക്കല്‍, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. ഐപിസിയിലെ വിവിധ വകുപ്പുകള്‍ കൂടാതെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഓഗസ്റ്റ് ഒന്നിനാണ് വഞ്ചിയൂര്‍ സബ്‌ട്രഷറി ഓഫീസറായ പ്രകാശ് ബാബുവിന്‍റെ പരാതിയില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഒന്നാം പ്രതിയായ ബിജുലാല്‍ ഒളിവിലാണ്. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ബിജുലാല്‍ ഇന്ന് കീഴടങ്ങുമെന്നും സൂചനയുണ്ട്.