തിരുവനന്തപുരം: സര്‍വേ ഡയറക്‌ടര്‍ വി.ആര്‍.പ്രേംകുമാറിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയതിനെ ചൊല്ലി സര്‍ക്കാരുമായി ഇടഞ്ഞു നിന്ന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി.വേണു അവധിയില്‍ പ്രവേശിച്ചു. പ്രേംകുമാറിനെ സ്ഥലം മാറ്റിയുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് വേണു അവധിയില്‍ പ്രവേശിച്ചത്. പ്രേംകുമാറിനെ സര്‍വേ ഡയറക്‌ടര്‍ സ്ഥാനത്ത് നിന്നു നീക്കിയ കഴിഞ്ഞ മന്ത്രിസഭായോഗത്തിന്‍റെ നടപടി പിന്‍വലിക്കണമെന്ന് വേണു സര്‍ക്കാരിനോടും ചീഫ് സെക്രട്ടറിയോടും ആവശ്യപ്പെട്ടിരുന്നു. തന്‍റെ വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥനെ തന്നോടാലോചിക്കാതെ സ്ഥലം മാറ്റിയതിലുള്ള അതൃപ്‌തിയും വേണു പ്രകടിപ്പിച്ചിരുന്നു.
വേണുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐഎഎസ് അസോസിയേഷന്‍ രംഗത്ത് വന്നിരുന്നു. ഒരു സ്ഥാനത്ത് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കും മുമ്പ് സ്ഥലം മാറ്റം പാടില്ലെന്ന സിവില്‍ സര്‍വീസ് ബോര്‍ഡിന്‍റെ തീരുമാനത്തിന്‍റെ ലംഘനമാണിതെന്നും ഐഎഎസ് അസോസിയേഷന്‍ ആരോപിച്ചു. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തില്‍ സ്ഥലം മാറ്റിയ തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിച്ചേക്കുമെന്ന അഭ്യൂഹം നിലനില്‍ക്കേയാണ് ഇന്ന് പ്രേംകുമാറിനെ മാറ്റിയുള്ള ഉത്തരവ് പുറത്തിറക്കിയത്. ആര്‍.ഗിരിജയാണ് പുതിയ സര്‍വേ ഡയറക്‌ടര്‍. പ്രേംകുമാറിന് പകരം ചുമതല നല്‍കിയിട്ടില്ല. എന്നാല്‍ ഉദ്യോഗസ്ഥരുടെ സമ്മര്‍ദത്തിന് വഴങ്ങേണ്ടതില്ലെന്ന സന്ദേശമാണ് പ്രേംകുമാറിനെ സ്ഥലം മാറ്റിയ ഉത്തരവ് സൂചിപ്പിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.