തിരുവനന്തപുരം: വി ടി ബൽറാം എംഎൽഎയെ സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റിൽ സുരക്ഷാ ജീവനക്കാർ തടഞ്ഞത് പ്രതിഷേധത്തിന് വഴിവച്ചു. ഗേറ്റിന് മുന്നിൽ എംഎൽഎയും യൂത്ത് കോൺഗ്രസ് പ്രവർത്തകരും കുത്തിയിരുന്ന് പ്രതിഷേധം ആരംഭിച്ചതോടെ സംഭവം സംഘർഷാവസ്ഥയിലേക്ക് നീങ്ങി. തുടര്‍ന്ന് കന്‍റോൺമെന്‍റ് അസിസ്റ്റന്‍റ് കമ്മിഷണർ എത്തിയാണ് എംഎൽഎയെ കടത്തിവിട്ടത്.
സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധങ്ങൾ നടക്കുന്നതിനാൽ സുരക്ഷ ശക്തമാക്കിയിരുന്നു. കെഎസ്‌യു നേതാക്കളുടെ നിരാഹാര സമരത്തിനൊപ്പം യുഡിഎഫ് എംഎൽഎമാരുടെ ധർണയും ഇന്ന് ഉണ്ടായിരുന്നു. ഇതിൽ പങ്കെടുത്തതിന് ശേഷമാണ് വി ടി ബൽറാം സൗത്ത് ഗേറ്റിലൂടെ സെക്രട്ടേറിയറ്റിലേക്ക് പോകാനെത്തിയത്. എന്നാൽ സുരക്ഷാ ജീവനക്കാർ എംഎൽഎയെ തടയുകയായിരുന്നു. ഇതോടെ സമരപ്പന്തലിൽ നിന്ന് ഓടിയെത്തിയ കെഎസ്‌യു- യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ എംഎൽഎക്കൊപ്പം പ്രതിഷേധം ആരംഭിച്ചു. സംഭവം സംഘർഷാവസ്ഥയിലേക്ക് നീങ്ങുമെന്ന ഘട്ടത്തിൽ കന്‍റോൺമെന്‍റ് അസിസ്റ്റന്‍റ് കമ്മിഷണർ സുനീഷ് ബാബു എത്തി എംഎൽഎയെ കടത്തിവിട്ടു. ഇന്നലെ സെക്രട്ടേറിയറ്റിന്‍റെ മതിൽ ചാടിക്കടന്ന കെഎസ്‌യു പ്രവർത്തക മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു.