തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസിൽ അഞ്ചാം പ്രതി വി ശിവൻകുട്ടി എം.എൽ.എ വിടുതൽ ഹർജി നൽകി. ഹർജിയിൽ വാദം കോടതി അടുത്ത മാസം 10ന് നടക്കും. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആർ.ജയകൃഷ്ണനാണ് കേസ് പരിഗണിക്കുന്നത്. മന്ത്രിമാരായ ഇ.പി ജയരാജൻ, കെ.ടി.ജലീൽ, മുൻ എം.എൽ.എമാരായ കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ എന്നിവർ കോടതിയിൽ നേരത്തെ വിടുതൽ ഹർജി നൽകിയിരുന്നു. ഇതോടെ കേസിലെ ആറു പ്രതികളും കോടതിയിൽ വിടുതൽ ഹർജി സമർപ്പിച്ചു.
അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ ഹർജികളിൽ വിശദമായ വാദം കേൾക്കണമെന്ന് സിജെഎം കോടതി നിർദേശിച്ചു. ഹൈക്കോടതിയിൽ കേസ് പരിഗണിക്കുന്ന സാഹചര്യത്തിലാണ് കേസിൽ കഴിഞ്ഞ തവണ നൽകിയ വിടുതൽ ഹർജികളുടെ വാദം കോടതി പരിഗണിക്കാത്തത്. യു.ഡി.എഫ് സർക്കാരിന്‍റെ കാലത്ത് 2015 മാർച്ച് 13ന് ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താൻ നടത്തിയ പ്രതിഷേധമാണ് അക്രമാസക്തമായത്. സ്‌പീക്കറുടെ കസേര, എമർജൻസി ലാമ്പ്, മൈക്ക് യൂണിറ്റുകൾ, ഡിജിറ്റൽ ക്ലോക്ക് മോണിറ്റർ, ഹെഡ്‍ഫോൺ എന്നിവ നശിപ്പിച്ചത് കാരണം രണ്ടു ലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചു എന്നാണ് ക്രൈംബ്രാഞ്ച് കേസ്.