തിരുവനന്തപുരം: ഐഎസ്‌ആർഒയ്ക്ക് റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കാൻ പള്ളിയും പള്ളിക്കൂടവും മാറ്റിക്കൊടുത്ത പാരമ്പര്യമുള്ള ലത്തീൻ സഭയിലെ ഒരു വിഭാഗത്തെ തീവ്രവാദത്തിലേക്ക് അഴിച്ചുവിടാൻ ചിലർ ബോധപൂർവം ശ്രമിക്കുകയാണെന്ന് അടിയന്തര പ്രമേയ ചർച്ചയിൽ വി ജോയ് എംഎൽഎ ആരോപിച്ചു. അബ്‌ദുറഹ്മാൻ എന്ന പേരിൽ തന്നെ തീവ്രവാദമുണ്ടെന്ന ഒരു അച്ഛൻ്റെ പരാമർശം ഇതിനുദാഹരണമാണ്. ഈ അച്ഛന്മാർക്ക് എന്തു പറ്റി.
തീവ്ര സ്വഭാവമുള്ള ചില ആളുകൾ വിഴിഞ്ഞം സമരം കത്തിച്ച് ഇടത് മുന്നണിക്കെതിരായ സമരമാക്കാൻ ആലോചിക്കുന്നു. വിഴിഞ്ഞം സമരത്തിൻ്റെ മറവിൽ ഒരു വിമോചന സമരത്തിൻ്റെ പരിപ്പ് വേവിക്കാൻ ചിലർ തയ്യാറാകുകയാണ്. മത്സ്യത്തൊഴിലാളികളുന്നയിക്കുന്ന പ്രശ്‌നങ്ങൾ സർക്കാർ ചർച്ച ചെയ്യും.
എഐസിസി അനുവാദമില്ലാതെ വിഴിഞ്ഞം തുറമുഖ നിർമാണം സൂത്രത്തിൽ അദാനിക്കു നൽകിയത് ഉമ്മൻ ചാണ്ടിയും കോൺഗ്രസിൻ്റെ ഒരു എം പിയും ചേർന്നാണെന്ന് ജോയ് ആരോപിച്ചു.