തിരുവനന്തപുരം : അനില്‍ ആന്‍റണി ബിജെപിയില്‍ ചേര്‍ന്നതുകൊണ്ട് കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോണ്‍ഗ്രസിനോ പോഷക സംഘടനകള്‍ക്കോ നേരിട്ടോ അല്ലാതെയോ ഒരു സേവനവും അനില്‍ ആന്‍റണി ചെയ്‌തിട്ടില്ല. ഏല്‍പ്പിച്ച ചുമതല പോലും കൃത്യമായി നിര്‍വഹിച്ചിരുന്നില്ലെന്നും അതിനാല്‍ തന്നെ അനില്‍ ആന്‍റണി പോകുന്നത് പാര്‍ട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പ്രസ്‌താവനയില്‍ വ്യക്തമാക്കി.
അനില്‍ ബിജെപിയുടെ കെണിയില്‍ വീഴുകയായിരുന്നു. ബിജെപി ബാന്ധവത്തിന് കാരണമായി തീര്‍ത്തും വിചിത്രമായ കാര്യങ്ങളാണ് പറയുന്നത്. അതിന്‍റെ അപകടം പിന്നാലെ ബോധ്യപ്പെടും.
തീര്‍ത്തും അപക്വമായ ഈ തീരുമാനത്തില്‍ അനില്‍ ആന്‍റണിക്ക് പിന്നീട് ദുഃഖിക്കേണ്ടി വരും. എ കെ ആന്‍റണി എന്ന പിതാവിനോട് മകനെന്ന നിലയില്‍ അനില്‍ ആന്‍റണി കാണിച്ചത് നിന്ദയാണ്. മരണം വരെ കോണ്‍ഗ്രസുകാരനും സംഘപരിവാര്‍ വിരുദ്ധനുമായിരിക്കുമെന്ന് എ കെ ആന്‍റണി വ്യക്തമാക്കിയിട്ടുണ്ട്.
മകന്‍ ബിജെപിയില്‍ ചേര്‍ന്നു എന്നതുകൊണ്ട് എ കെ ആന്‍റണിയുടെ രാഷ്ട്രീയ സംശുദ്ധിക്കോ ആദര്‍ശ ധീരതയ്‌ക്കോ ഒരു കോട്ടവും ഉണ്ടാകില്ലെന്നും സതീശന്‍ വ്യക്തമാക്കി.
അനിലിന്‍റേത് രാഷ്‌ട്രീയ ആത്മഹത്യയെന്ന് എം എം ഹസന്‍ : അതേസമയം, അനില്‍ ആന്‍റണി ബിജെപിയില്‍ ചേര്‍ന്നത് രാഷ്ട്രീയ ആത്മഹത്യയായിപ്പോയെന്ന് കാലം തെളിയിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. അനില്‍ കോണ്‍ഗ്രസ് വിട്ടുപോയത് കേരളത്തില്‍ ഒരു ചലനവും സൃഷ്‌ടിക്കില്ല. ബിജെപിയ്ക്ക് രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കാനുള്ള അവസരം നല്‍കുക മാത്രമാണ് ഇത് കൊണ്ട് സംഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒരു പുരുഷായുസ്സ് മുഴുവന്‍ സ്വന്തം ജീവിതം കോണ്‍ഗ്രസിന് സമര്‍പ്പിച്ച, അടിയുറച്ച മതേതരവാദിയായ എ കെ ആന്‍റണിയുടെ യശസ്സിനെയും, പാരമ്പര്യത്തെയും അനിലിന്‍റെ ഈ തീരുമാനം അല്‍പ്പം പോലും ബാധിക്കില്ല. ഭാരതത്തിന്‍റെ ദേശീയതയുടെയും ജനാധിപത്യത്തിന്‍റെയും മതേതരത്വത്തിന്‍റെയും പ്രതീകമായ എ കെ ആന്‍റണി ജീവിതാവസാനം വരെ കോണ്‍ഗ്രസുകാരനായിരിക്കുമെന്ന് ജനകോടികള്‍ക്കൊപ്പം തനിക്കും പൂര്‍ണ ബോധ്യമുണ്ടെന്നും എം എം ഹസന്‍ വ്യക്തമാക്കി.
അനിലിന്‍റെ തീരുമാനം വേദനാജനകമെന്ന് എ കെ ആന്‍റണി : അതേസമയം, ബിജെപി അംഗത്വം സ്വീകരിച്ച അനില്‍ ആന്‍റണിയുടെ തീരുമാനത്തോട് വൈകാരികമായാണ് എ കെ ആന്‍റണി പ്രതികരിച്ചത്. ബിജെപിയില്‍ ചേരാനുള്ള മകന്‍റെ തീരുമാനം വേദനയുണ്ടാക്കിയെന്നും അനില്‍ ആന്‍റണിയുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിനും ഇനി മറുപടി പറയില്ലെന്നും എ കെ ആന്‍റണി വ്യക്തമാക്കി.
'അനിലിന്‍റെ തീരുമാനം തികച്ചും തെറ്റായ ഒന്നാണ്. ഇന്ത്യ എന്ന രാജ്യത്തിന്‍റെ ഐക്യത്തിന്‍റെ ആണിക്കല്ല് എന്ന് പറയുന്നത് ബഹുസ്വരതയും മതേതരത്വവുമാണ്. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്തിന് ശേഷം ആസൂത്രതമായി നമ്മുടെ അടിസ്ഥാന നയങ്ങളെ, നമ്മുടെ രാജ്യം പ്രാണ വായുപോലെ സൂക്ഷിച്ച നയങ്ങളെ ദുര്‍ബലപ്പെടുത്തുവാനുള്ള തുടര്‍ച്ചയായ ശ്രമങ്ങളാണ് നടക്കുന്നതെന്ന്' - അദ്ദേഹം പ്രതികരിച്ചു.
'ഒന്നാം മോദി സര്‍ക്കാരിന്‍റെ കാലത്ത് അല്‍പ്പം സാവകാശത്തിലാണ് കാര്യങ്ങള്‍ നടന്നിരിക്കുന്നത്. എന്നാല്‍, രണ്ടാം മോദി സര്‍ക്കാര്‍ നാനാത്വത്തില്‍ ഏകത്വത്തിലേയ്‌ക്ക് എന്നതിന് പകരം ഏകത്വത്തിലേയ്‌ക്ക് എന്ന ഉറച്ച നടപടികളുമായി ആണ് മുന്നോട്ടുപോകുന്നത്. എല്ലാ രംഗത്തും ഏകത്വം അടിച്ചേല്‍പ്പിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന്' - എ കെ ആന്‍റണി പ്രതികരിച്ചു.
ബിജെപി ദേശീയ ആസ്ഥാനത്ത് വ്യാഴാഴ്‌ചയാണ്(6.04.2023) അനില്‍ ആന്‍റണി ബിജെപി അംഗത്വം സ്വീകരിച്ചത്. കേന്ദ്ര മന്ത്രി പിയുഷ് ഗോയലാണ് അനില്‍ കെ ആന്‍റണിക്ക് ബിജെപി അംഗത്വം നല്‍കിയത്. കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്‍, ബിജെപി കേരള അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എന്നിവര്‍ക്കൊപ്പമായിരുന്നു അനില്‍ ആന്‍റണി എത്തിയത്.