തിരുവനന്തപുരം: എഐ കാമറ ഇടപാടില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി കൂടുതല്‍ കരാര്‍, ഉപകരാര്‍ രേഖകള്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പുറത്തു വിട്ടു. കെല്‍ട്രോണ്‍, എസ്‌ആര്‍ഐടി, സംസ്ഥാന സര്‍ക്കാര്‍ എന്നിവര്‍ ചേര്‍ന്ന് വന്‍ അഴിമതിക്കു വേണ്ടി ഗൂഢാലോചന നടത്തുകയാണ് ആദ്യം ചെയ്‌തതെന്ന് സതീശന്‍ ആരോപിച്ചു. ഈ ഗൂഢാലോചനയുടെ ഭാഗമായി ഈ മൂന്നു പേരും ചേര്‍ന്ന് വ്യാജ എസ്റ്റിമേറ്റ് തയ്യാറാക്കുകയായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
'70 മുതല്‍ 80 കോടി വരെ മാത്രം വേണ്ടിവരുന്ന ഈ പദ്ധതിക്ക് 235 കോടി രൂപ എസ്‌റ്റിമേറ്റ് ചെയ്‌ത കെല്‍ട്രോണിന്‍റെ നടപടിയാണ് ആദ്യം അഴിമതിക്ക് കളമൊരുക്കിയത്. കെല്‍ട്രോണ്‍ നല്‍കിയ ഈ ഉയര്‍ന്ന എസ്‌റ്റിമേറ്റ് അംഗീകരിച്ച സര്‍ക്കാര്‍ നടപടി അഴിമതിയുടെ വ്യക്തമായ അറിവ് സര്‍ക്കാരിനും ഉണ്ടായിരുന്നു എന്നാണ് തെളിയിക്കുന്നത്. ഇതിനുശേഷം, ഈ ഭീമമായ തുകയ്ക്ക് കെല്‍ട്രോണ്‍ ടെന്‍ഡര്‍ നല്‍കിയതിന് ശേഷം ടെന്‍ഡര്‍ വ്യവസ്ഥകളും, പ്രീ ക്വാളിഫിക്കേഷന്‍ കണ്ടീഷനും എല്ലാം അട്ടിമറിച്ച് കൊണ്ട് എസ്‌ആര്‍ഐടി എന്ന സ്ഥാപനത്തിന്‍റെ ഉപകരാറുകാരായ അശോകാ ബിഡ്കോണ്‍, അക്ഷര എന്നീ കമ്പനികള്‍ ചേര്‍ന്ന് 'കാര്‍ട്ടെല്‍' ഉണ്ടാക്കാന്‍ കെല്‍ട്രോണ്‍ മൗനാനുവാദം നല്‍കി,' വി ഡി സതീശൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഇതിനുശേഷം എസ്‌ആര്‍ഐടിയും കെല്‍ട്രോണും ചേര്‍ന്ന് ഉണ്ടാക്കിയ സര്‍വീസില്‍ ലെവല്‍ എഗ്രിമെന്‍റില്‍ ടെന്‍ഡര്‍ ഡോക്യൂമെന്‍റിലെ വ്യവസ്ഥകള്‍ എല്ലാം പാലിക്കണം എന്ന വ്യവസ്ഥയ്ക്ക് വിപരീതമായി എല്ലാ പ്രവര്‍ത്തികള്‍ക്കും ഉപകരാര്‍ നല്‍കാന്‍ എസ് ആര്‍ ഐ ടിക്ക് അനുമതി നല്‍കുകയായിരുന്നു എന്ന് വി ഡി സതീശൻ ആരോപിച്ചു. ടെന്‍ഡര്‍ ഡോക്യുമെന്‍റ് പ്രകാരം കോര്‍ ആയ പ്രവര്‍ത്തികള്‍ക്ക് ഉപകരാര്‍ നല്‍കാന്‍ പാടില്ല എന്ന വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥയ്ക്ക് വിരുദ്ധമായിരുന്നു 2020 ഒക്ടോബറില്‍ കെല്‍ട്രോണ്‍ എസ്ഐടിയുമായി ഏര്‍പ്പെട്ട കരാറിലെ വ്യവസ്ഥകള്‍.
ഈ കരാര്‍ പ്രകാരം അല്‍ ഹിന്ദ്, പ്രസാദിയോ എന്ന സ്ഥാപങ്ങള്‍ക്കാണ് ഉപകരാര്‍ നല്‍കിയിരിക്കുന്നത്. ഈ വ്യവസ്ഥ നിലനില്‍ക്കുമ്പോള്‍ പോലും എഗ്രിമെന്‍റിനു വിപരീതമായി എല്ലാ പ്രവര്‍ത്തികള്‍ക്കും ഉപകരാര്‍ ഉണ്ടാക്കിയ എസ്ആര്‍ഐടിക്ക് കരാറുമായി മുന്നോട്ടു പോകാന്‍ അനുമതി കെല്‍ട്രോണ്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
'2021 മാര്‍ച്ച് 13 നു എസ് ആര്‍ ഐ ടി കെല്‍ട്രോണിന് നല്‍കിയ കത്ത് പ്രകാരം 2021 മാര്‍ച്ച് 3ന് ഹൈദരാബാദ് ആസ്ഥാനമായ എസെന്‍ട്രിക് എന്ന സ്ഥാപനത്തെ എല്ലാ പ്രവര്‍ത്തികളും ചെയ്യാന്‍ എസ് ആര്‍ ഐ ടി ചുമതലപ്പെടുത്തി എന്നാണ് പറയുന്നത്. അതിനര്‍ഥം ടെന്‍ഡറില്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും കരാറടിസ്ഥാനത്തില്‍ എസെന്‍ട്രിക് എന്ന സ്ഥാപനത്തിന് നല്‍കിക്കൊണ്ട് ഒരു സര്‍വീസ് ലെവല്‍ എഗ്രിമെന്‍റ് ഉണ്ടാക്കിയ ശേഷം മാത്രമാണ് അവര്‍ കെല്‍ട്രോണിനെ അറിയിക്കുന്നത്. ഇത് കരാര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ്. ഇസെന്‍ട്രിക് എന്ന സ്ഥാപനത്തിന് പൈസ ഇറക്കി ലാഭം നേടാന്‍ ഉണ്ടാക്കിയ കരാറാണിത്. ഒരു സര്‍ക്കാര്‍ പദ്ധതിയില്‍ കൊള്ള പലിശക്കാരന്‍റെ റോള്‍ എങ്ങിനെ സാധിക്കുന്നു?,' സതീശന്‍ ചോദിച്ചു.
ഇതിലും എസ് ആര്‍ ഐ ടി കമ്മീഷന്‍ പറ്റിയിട്ടുണ്ടാകണമെന്ന് ആരോപിച്ച സതീശൻ സമഗ്രമായി ഉപകരാര്‍ നല്‍കാന്‍ സാധിക്കില്ല എന്ന് ടെന്‍ഡറില്‍ തന്നെ രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ഈ കരാറുമായി മുന്നോട്ടുപോകാന്‍ കെല്‍ട്രോണ്‍ എസ് ഐ ടി യെ സമ്മതിക്കാന്‍ പാടില്ലായിരുന്നു എന്ന് വിമർശിച്ചു. 'ഇതിന് വിപരീതമായി ഈ രംഗത്ത് യാതൊരു മുന്‍ പരിചയവും ഇല്ലാത്ത ഇ സെന്‍ട്രിക് എന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കമ്പനിക്ക് മൊത്തം പദ്ധതി നിര്‍വഹണം ഏല്‍പ്പിച്ച നടപടിക്ക് മൗനാനുവാദമാണ് കെല്‍ട്രോണ്‍ നല്‍കിയത്. എസെന്‍ട്രിക് എന്ന സ്ഥാപനം സാധനങ്ങള്‍ വാങ്ങിയിരിക്കുന്നത് ട്രോയ്‌സ്, മീഡിയ ട്രോണിക്‌സ് എന്നീ സ്ഥാപനങ്ങളില്‍ നിന്നാണ്. എസെന്‍ട്രിക് എസ്ആര്‍ഐടിക്ക് എത്ര രൂപയുടെ ബില്ലുകളാണ് നല്‍കിയിരിക്കുന്നത് എന്ന് പരിശോധിച്ചാല്‍ ഈ പദ്ധതി നടപ്പിലാക്കാന്‍ വേണ്ടിവന്ന ആകെ തുക കണ്ടെത്താന്‍ സാധിക്കും. ജിഎസ്‌ടി വകുപ്പിന് സമര്‍പ്പിച്ച ബില്ലുകള്‍ പ്രകാരം 66 കോടി രൂപ മാത്രമാണ് എസെന്‍ട്രിക് കമ്പനി എസ്ആര്‍ഐടിക്ക് നല്‍കിയിരിക്കുന്നതെന്നും ഇതിന്‍റെ തെളിവുകള്‍ കൈവശമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതല്ല കൂടുതല്‍ നല്‍കിയിട്ടുണ്ടെങ്കില്‍ ഇക്കാര്യം സര്‍ക്കാര്‍ വ്യക്തമാക്കട്ടെ എന്ന് കൂട്ടിച്ചേർത്തു.
കുറഞ്ഞ വിലയ്ക്ക് സാമഗ്രികള്‍ വാങ്ങി സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനത്തിന് ഇരട്ടി വിലയ്ക്ക് വില്‍ക്കുന്നത് നിയമവിരുദ്ധമാണ്. ജനങ്ങളുടെ നികുതി-പിഴ പണമാണ് സ്വകാര്യ കമ്പനികള്‍ക്ക് നോക്കുകൂലിയായി പോകുന്നതെന്നും സതീശന്‍ ആരോപിച്ചു. പ്രസാദിയോ കമ്പനിക്ക് മുഖ്യമന്ത്രിയുടെ കുടുംബവുമായുള്ള ബന്ധം സംശയാതീതമായി തെളിഞ്ഞ സാഹചര്യത്തില്‍ മൗനം വെടിയാന്‍ മുഖ്യമന്ത്രി ഇനിയെങ്കിലും തയ്യാറാകണം. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ പ്രതിപക്ഷം നല്‍കുന്ന അവസാന അവസരമാണിത്. ഇത്രയും സൗമനസ്യം ഒരു പ്രതിപക്ഷവും മുഖ്യമന്ത്രിക്കു നല്‍കാറില്ല. സാധാരണയായി ഇത്തരത്തില്‍ ആരോപണം ഉയരുമ്പോള്‍ അടിസ്ഥാന രഹിതമെന്നു പറയാനെങ്കിലും മുഖ്യമന്ത്രി തയ്യാറാകുമായിരുന്നു. ഇപ്പോള്‍ അതിനു പോലും കഴിയാത്ത അവസ്ഥയാണ്. നേരത്തേ ഇടപാടിനെ ന്യായീകരിച്ച് രംഗത്തു വന്ന വ്യവസായി മന്ത്രിയെ അതിനു ശേഷം കാണാനില്ലെന്നും സതീശന്‍ പരിഹസിച്ചു.