തിരുവനന്തപുരം : അടിയന്തര പ്രമേയം അവതരിപ്പിക്കുന്നവരെ ഭരണപക്ഷം അധിക്ഷേപിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്. രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച അർജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസിൻ്റെ മരണവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കുന്നതിനിടയിലാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഭരണ പക്ഷത്തെ വിമർശിച്ചത്.
അബദ്ധമാണെന്ന് അറിഞ്ഞാലും തിരുവഞ്ചൂർ രാധാകൃഷ്ണൻ അക്കാര്യം സഭയിൽ ഉറപ്പിച്ചുപറയുമെന്നും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറയുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
READ MORE: കയ്യാങ്കളി കേസ്; നിയമസഭ ചരിത്രത്തിലെ കറുത്തദിനം
ഈ പ്രസ്‌താവനയെയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിമർശിച്ചത്. തിരുവഞ്ചൂരിനെ കുറിച്ച് മുഖ്യമന്ത്രി സംസാരിച്ചത് മോശമായാണെന്നും ഒരു സീനിയർ അംഗമെന്ന ബഹുമാനം പോലും നൽകിയില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. തിരുവഞ്ചൂരിനെ മാത്രമല്ല സർക്കാരിനെ വിമർശിക്കുന്ന പ്രതിപക്ഷ അംഗങ്ങളെ മുഴുവൻ അപമാനിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം തിരുവഞ്ചൂരിനെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നിങ്ങൾ തമ്മിലുള്ള വഴക്ക് തീർക്കാൻ എന്നെ കരുവാക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.