തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിലെ സംഘർഷങ്ങൾ അദാനി സൈന്യത്തെ വിളിക്കാൻ ഹൈക്കോടതിയിൽ നൽകിയ ഹർജിക്ക് പശ്ചാത്തലമൊരുക്കാനാണോയെന്ന് സംശയിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സമരക്കാരുമായി മുഖ്യമന്ത്രി ചർച്ചയ്‌ക്ക് തയ്യാറാകാത്തത് തെറ്റാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അദാനി ഹർജി നൽകുന്നതിന് നാല് ദിവസം മുമ്പ് ബിഷപ്പ് ഉൾപ്പെടെയുള്ള വൈദികർക്കെതിരെ പൊലീസ് ഗൂഡാലോചന നടത്തിയെന്നാരോപിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മത്സ്യത്തൊഴിലാളികൾക്കൊപ്പം എപ്പോഴും നിൽക്കുന്നത് വൈദികരാണ്. അതുകൊണ്ട് തന്നെ പ്രകോപനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് അറസ്റ്റെന്നും സതീശൻ പറഞ്ഞു.
വിഴിഞ്ഞം വിഷയത്തില്‍ 140 ദിവസമായി സമരം തുടരുകയാണ്. എന്നാൽ മുഖ്യമന്ത്രി ഇതുവരെ ചർച്ചകൾക്ക് തയാറായിട്ടില്ല. ഈ നിലപാട് തെറ്റാണ്. ഇത് തിരുത്താൻ മുഖ്യമന്ത്രി തയാറാകണം. വിഴിഞ്ഞത്തെ ദുരിത ജീവിതം കണ്ട് കണ്ണ് നിറഞ്ഞിട്ടുണ്ട്. പുനരധിവാസം സർക്കാരിൻ്റെ ഉത്തരവാദിത്തമാണ്. അതിന് സർക്കാർ തയാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു.
മന്ത്രി അബ്‌ദുറഹിമാനെതിരായി ഫാദർ തിയോഡോഷ്യസ് ഡിക്രൂസ് നടത്തിയ പരാമർശം തെറ്റാണ്. എന്നാൽ മന്ത്രിക്കെതിരായ പരാമർശം പിൻവലിച്ചിട്ടും ഇടതുപക്ഷം ആഘോഷമാക്കുകയാണ്. ഇതിലൂടെ സംഘർഷം ഉണ്ടാക്കുകയാണ്. ഇത് ശരിയല്ലെന്നും സതീശൻ പറഞ്ഞു.