തിരുവനന്തപുരം: പട്ടത്ത് പ്രധാനമന്ത്രിക്കെതിരായ വാചകങ്ങൾ എഴുതിയ കാർ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകളില്ലെന്ന് പൊലീസ്. വാഹനം ഉപേക്ഷിച്ചു കടന്നയാളെ പൊലീസ് കണ്ടെത്തിയിരുന്നു. ഉത്തർപ്രദേശ് സ്വദേശി രമൺജീത് സിങ്ങിനെയാണ് ദുരൂഹസാഹചര്യത്തിൽ കാർ കണ്ടെത്തിയ സംഭവത്തിൽ പിടികൂടി ചോദ്യം ചെയ്‌തത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇയാളെ അറസ്റ്റ് രേഖപ്പെടുത്തിയ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു.
ബന്ധുക്കൾ എത്തി ഇയാളെ സ്വദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയതായി മ്യൂസിയം പൊലീസ് അറിയിച്ചു. കോവളത്തു നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് ഇയാൾ കാറിൽ കർഷക സമരവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും യുപി മുഖ്യമന്ത്രിക്കുമെതിരായ വാചകങ്ങൾ എഴുതിയത്. പട്ടത്തെ ഹോട്ടലിലേക്ക് അമിത വേഗതയിൽ വാഹനമോടിച്ചു വന്ന ഇയാളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് സുരക്ഷ ജീവനക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസ് എത്തുമെന്ന് മനസിലായതോടെ ഓട്ടോറിക്ഷയിൽ കടന്നുകളഞ്ഞ ഇയാളെ പിന്നീട് കഴക്കൂട്ടം വെട്ടുറോഡിൽ നിന്നാണ് പിടികൂടിയത്. ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
Also Read: ജോക്കോയെ നാട് കടത്തിയേക്കും ; നിലപാട് കടുപ്പിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി