തിരുവനന്തപുരം: പത്ത് ദിവസത്തിന് ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് തുറന്നു. കനത്ത പോലീസ് സുരക്ഷസംവിധാനമാണ് കോളജിൽ ഒരുക്കിയിരിക്കുന്നത്. പൊലീസ് പരിശോധനയ്ക്ക് ശേഷം മാത്രമാണ് വിദ്യാർഥികളെയും അധ്യാപകരെയും കോളജിലേക്ക് കടത്തിവിടുന്നത്. കോളജിൽ ക്ലാസുകൾ ആരംഭിക്കാനുള്ള ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്.
എസ്എഫ്ഐ പ്രവർത്തകരും കോളജിലെ മൂന്നാംവർഷ വിദ്യാർഥികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയായ അഖിലിന് കുത്തേറ്റിരുന്നു. ജൂലൈ 12 വെള്ളിയാഴ്ച്ചയാണ് സംഭവമുണ്ടായത്. കേസില്‍ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റ് ശിവരഞ്ജിത്ത്, യൂണിറ്റ് സെക്രട്ടറി നസീം എന്നിവർ അറസ്റ്റിലായിരുന്നു. ഇതേ തുടർന്ന് കോളജിലെ സംഘടനാ സ്വാതന്ത്ര്യം, എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയം എന്നി പ്രശ്നങ്ങൾ ഉയർത്തി മറ്റ് വിദ്യാർഥി സംഘടനകൾ പ്രതിഷേധം ശക്തമായി. അതിന് ശേഷമാണ് യൂണിവേഴ്സിറ്റി കോളജ് അടച്ചിട്ടത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം എട്ടാംദിവസത്തിലേക്ക് കടന്നു. നിരാഹാര സമരത്തിന് ഐക്യദാർഢ്യവുമായി ഇന്ന് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തുന്നുണ്ട്. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കോളജില്‍ സമഗ്ര പരിഷ്കരണം കൊണ്ടുവരുമെന്ന് കോളജ് വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ കെ കെ സുമ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് കോളജ് ഇന്ന് തുറന്നത്.