തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ അക്രമത്തില്‍ പ്രതികളായര്‍ പൊലീസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത് പിഎസ്‌സി അന്വേഷിക്കും. അന്വേഷണം നടത്താന്‍ പിഎസ്‌സിയുടെ ആഭ്യന്തര വിജിലന്‍സിനെ നിയോഗിച്ചു. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നത് വരെ പ്രസ്‌തുത ലിസ്‌റ്റിൽ നിന്നും നിയമന ശുപാർശകൾ നല്‍കുന്നത് പിഎസ്‌സി മരവിപ്പിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന കമ്മീഷന്‍ യോഗത്തിലാണ് തീരുമാനം.
വിഷയത്തില്‍ പിഎസ്‌സിക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ചെയർമാൻ എംകെ സക്കീര്‍ പറഞ്ഞു. സംഘർഷത്തിൽ പ്രതികളായവരും സഹപാഠിയുമുൾപ്പടെ മൂന്ന് ഉദ്യോഗാർഥികളും തിരുവനന്തപുരം ജില്ലയിൽ പരീക്ഷാ കേന്ദ്രം വേണമെന്ന് അപേക്ഷിച്ചിരുന്നു. ഇവർ മൂന്ന് പേരും തിരുവനന്തപുരത്തെ വ്യത്യസ്ഥ കേന്ദ്രങ്ങളിലാണ് പരീക്ഷ എഴുതിയത്. പരീക്ഷാകേന്ദ്രം അനുവദിക്കുന്ന കാര്യത്തിൽ ആനുകൂല്യം നൽകുകയോ പരീക്ഷ എഴുതാൻ സഹായിക്കുകയോ ചെയ്‌തിട്ടില്ല. പിഎസ്‌സി പരീക്ഷ എഴുതുന്നവരെ കൂടി അവഹേളിക്കുന്ന തരത്തിലുള്ള ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്. സുതാര്യമായാണ് കമ്മീഷന്‍റെ പ്രവർത്തനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം ജില്ലയിലെ 16,540 ഉദ്യോഗാർഥികൾ മറ്റ് ജില്ലകളിലെ പൊലീസ് ബറ്റാലിയനുകളിലേക്ക് അപേക്ഷിച്ചിട്ടുണ്ട്. ഇവർക്ക് സംസ്ഥാനത്തെ ഏത് ജില്ലയിൽ വേണമെങ്കിലും പരീക്ഷ സെന്‍റര്‍ തെരഞ്ഞെടുക്കാവുന്നതാണ്. സെന്‍റര്‍ നൽകുന്നതിൽ പിഎസ്‌സിക്ക് അപാകത സംഭവിച്ചിട്ടില്ലെന്നും സെന്‍റർ അനുവദിക്കുന്ന കാര്യത്തിൽ ആർക്കും കൈകടത്താൻ കഴിയില്ലെന്നും ചെയർമാൻ പറഞ്ഞു. ആരോപണ വിധേയർ പരീക്ഷ എഴുതിയ സെന്‍ററുകളിൽ നിന്നും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടുമില്ല. അതുകൊണ്ട് തന്നെ പരീക്ഷയിൽ ക്രമക്കേട് നടന്നതായുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ സർക്കാർ വകുപ്പുകളിലേക്ക് നിയമന ശുപാർശ നൽകുന്ന ചുമതല മാത്രമാണ് പിഎസ്‌സിക്കുള്ളത്. നിയമന ശുപാർശ കൈപ്പറ്റി ഉദ്യോഗാർഥിക്കെതിരെ ക്രിമിനൽ കേസുണ്ടോയെന്ന് പരിശോധിക്കേണ്ടത് സർക്കാരിന്‍റെ ചുമതലയാണെന്നും അദ്ദേഹം വ്യക്തമാക്കി. ശിവരഞ്ജിത്തിന് വെയിറ്റേജ് മാർക്ക് നൽകിയത് കായിക സർട്ടിഫിക്കറ്റുകൾ പരിശോധിച്ചാണെന്നും പിഎസ്‌സി ചെയർമാൻ എംകെ സക്കീര്‍ വ്യക്തമാക്കി.