തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി ഉത്തരകടലാസുകള്‍ കോളജില്‍ നിന്നും കടത്തിയതാണെന്ന് പൊലീസിനോട് സമ്മതിച്ച് ഒന്നാംപ്രതി ശിവരഞ്ജിത്ത്. കസ്റ്റഡിയില്‍ വാങ്ങിയ ശിവരഞ്ജിത്തിനെ കോളജിലെത്തിച്ച് തെളിവ് നടത്തിയതിന് പിന്നാലെയാണ് പ്രതിയുടെ കുറ്റസമ്മതം.
കേരളാ സര്‍വകലാശാല പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് മോഷ്ടിച്ചതാണെന്നാണ് ശിവരഞ്ജിത്ത് പൊലീസിനോട് സമ്മതിച്ചത്. പരീക്ഷക്കുള്ള ഉത്തരക്കടലാസുകള്‍ കോളജിലെത്തിച്ച് ഇറക്കിവച്ചപ്പോഴാണ് കെട്ടുകള്‍ കടത്തിയത്. കോപ്പിയടിക്കാനാണ് ഉത്തരകടലാസുകള്‍ കൈക്കലാക്കിയതെന്നും പ്രതി മൊഴി നല്‍കി. അഖിലിനെ കുത്തിയ കേസില്‍ റിമാന്‍റിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് കഴിഞ്ഞ ദിവസമാണ് ഉത്തരകടലാസ് മോഷ്ടിച്ച കേസില്‍ കസ്‌റ്റഡിയില്‍ വാങ്ങിയത്. വിശദമായ മൊഴിയെടുത്ത ശേഷം ശിവരഞ്ജിത്തിനെ തെളിവെടുപ്പിനായി യൂണിവേഴ്‌സിറ്റി കോളജിൽ ഇന്ന് രാവിലെ അന്വേഷണ സംഘം കൊണ്ട് വന്നിരുന്നു. ഉത്തരക്കടലാസുകള്‍ എവിടെനിന്നാണ് എടുത്തതെന്ന് തെളിവെടുപ്പിനിടെ ശിവരഞ്ജിത്ത് പൊലീസുകാര്‍ക്ക് കാട്ടിക്കൊടുത്തു.
യൂണിവേഴ്‌സിറ്റി കോളജിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 16 കെട്ട് ഉത്തരക്കടലാസുകളാണ് കണ്ടെത്തിയത്. ഇത് സര്‍വകലാശാലയുടേത് തന്നെയാണെന്ന് പരീക്ഷാ കണ്‍ട്രോളര്‍ സ്ഥിരീകരിക്കുയും ചെയ്തു. യൂണിവേഴ്‌സിറ്റി കോളജിന് പരീക്ഷാ നടത്തിപ്പിനായി നല്‍കിയതാണെന്നാണ് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കിയത്. ഇതോടെയാണ് സര്‍വകലാശാല പരീക്ഷയില്‍ യൂണിവേഴ്‌സിറ്റി കോളജ് കേന്ദ്രീകരിച്ച് വന്‍ ക്രമക്കേട് നടന്നക്കുന്നുണ്ടെന്ന ആരോപണം ഉയര്‍ന്നത്. ശിവരഞ്ജിത്ത് പരീക്ഷയെഴുതിയ ഉത്തരക്കടലാസുകള്‍ ലഭിക്കാന്‍ പൊലീസ് തിങ്കളാഴ്ച യൂണിവേഴ്‌സിറ്റി അധികൃതര്‍ക്ക് കത്ത് നല്‍കും. ഉത്തരകടലാസുകളിലെ കൈയക്ഷര പരിശോധനയ്ക്കായാണിത്. ഇതിനായി ഉത്തരകടലാസുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് ലാബിലേക്കയക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.