തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലുണ്ടായ സംഘര്‍ഷത്തിൽ 13 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. അക്രമം ഉണ്ടാക്കിയതിന് ഏതാനും കെ.എസ്.യു പ്രവര്‍ത്തകർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലില്‍ കയറി കെ.എസ്.യു പ്രവര്‍ത്തകന്‍ നിഖില്‍ രാജിനെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത മഹേഷ്‌കുമാറിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഇയാൾ ഒളിവിലാണെന്നാണ് കേസന്വേഷിക്കുന്ന തിരുവനന്തപുരം കന്റോണ്മെന്റ് പൊലീസ് പറയുന്നത്. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലും സ്വദേശമായ മുട്ടത്തറയിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നത്.
കെ.എസ്.യു പ്രവര്‍ത്തകരുടെ സര്‍ട്ടിഫിക്കറ്റ് കത്തിച്ചത് ഏട്ടപ്പന്‍ എന്നറിയപ്പെടുന്ന മഹേഷ് തന്നെയാണെന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ പൊലീസിനു മൊഴി നല്‍കി. പഠനം പൂര്‍ത്തിയാക്കി അഞ്ചും ആറും വര്‍ഷം കഴിഞ്ഞിട്ടും എസ്.എഫ്.ഐയുടെ സഹായത്തോടെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ ഇവർ സ്ഥിരമായി താമസിക്കുകയാണെന്നും ഇവരെ പുറത്താക്കാന്‍ അടിയന്തിരമായി ഹോസ്റ്റലില്‍ റെയ്ഡ് നടത്തണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു.
കെ.എസ്.യു പ്രവര്‍ത്തകരുടെ സര്‍ട്ടിഫിക്കറ്റ് കത്തിക്കുകയും മര്‍ദിക്കുകയും ചെയ്‌ത മഹേഷ് എം.ഫില്‍ വിദ്യാര്‍ഥി എന്ന പേരിലാണ് കോളേജ് ഹോസ്റ്റലില്‍ കഴിയുന്നത്. മഹേഷ് എസ്.എഫ്.ഐ പ്രവര്‍ത്തകനല്ലെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിശദീകരണം. 2011ല്‍ യൂണിവേഴ്‌സിറ്റി കോളജ് യൂണിയന്‍ ചെയര്‍മാനായിരുന്നു മഹേഷ്. ഇതു സംബന്ധിച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളല്‍ വൈറലായി പ്രചരിക്കുന്നത് എസ്.എഫ്.ഐയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി കോളജില്‍ ഇന്നലെ കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധ ദിനം ആചരിക്കുകയാണ്.