തിരുവനന്തപുരം: കെ-സ്വിഫ്റ്റ് കമ്പനി രൂപീകരണം കെഎസ്ആർടിസിയെ തകർക്കുമെന്ന് യൂണിയനുകൾ ആരോപിച്ചു. ഇത് സംബന്ധിച്ച് കെഎസ്ആർടിസി ട്രേഡ് യൂണിയൻ നേതാക്കളുമായി എംഡി ബിജുപ്രഭാകർ നടത്തിയ ചർച്ച ധാരണയാകാതെ പിരിഞ്ഞു. അതേസമയം പരിഷ്‌കാര നടപടികളുമായി മുന്നോട്ടു പോകാൻ ബിജു പ്രഭാകറിന് മുഖ്യമന്ത്രി നിർദേശം നൽകി. കെഎസ്ആർടിസിക്ക് സമാന്തരമായി സ്വിഫ്റ്റ് വേണ്ടെന്ന നിലപാടാണ് പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ എടുത്തത്. എംഡിയുടെ നിലപാട് ശരിയല്ലെന്നും ഫണ്ട് ലഭിച്ചാൽ കെഎസ്ആർടിസി രക്ഷപ്പെടുമെന്നുമാണ് ബിഎംഎസിന്‍റെ നിലപാട്. കമ്പനി രൂപീകരണം കെഎസ്ആർടിസിയെ തകർക്കുമെന്ന് ടിഡിഎഫ് ആരോപിച്ചു.
സർക്കാർ ഇറങ്ങാൻ രണ്ടുമാസം മാത്രമുള്ളപ്പോൾ കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ ആവില്ലെന്നും ആളുകളെ അനധികൃതമായി തിരുകിക്കയറ്റാനാണ് സ്വിഫ്റ്റ് രൂപീകരിക്കുന്നതും ടിഡിഎഫ് ആരോപിച്ചു. അതേസമയം സ്ഥാപനത്തെ രക്ഷപ്പെടുത്തുന്നതിനുള്ള ബദൽ നിർദേശങ്ങൾ അംഗീകരിക്കുമെന്നാണ് സിഐടിയുവിന്‍റെ നിലപാട്. സ്വിഫ്റ്റിനെ എതിർക്കേണ്ട സാഹചര്യം ഇപ്പോഴില്ല. വരുമാനം വർധിപ്പിക്കാൻ ദീർഘദൂര സർവീസിലെ പരിഷ്‌കരണങ്ങളുമായി മുന്നോട്ട് പോകുന്നത് തൊഴിലാളികളുടേയും യാത്രക്കാരുടെയും കോർപ്പറേഷൻ ടീം താൽപര്യം സംരക്ഷിച്ച് ആവണമെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ വേണമെന്നും സിഐടിയു ആവശ്യപ്പെട്ടു.