തിരുവനന്തപുരം : സംസ്ഥാനത്ത് വെള്ളക്കരം ലിറ്ററിന് ഒരു പൈസ വർധിപ്പിക്കാനുള്ള ഇടത് സർക്കാരിന്‍റെ നീക്കം ജനദ്രോഹപരമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഏതാണ്ട് 200 രൂപ വരെ ഒരു സാധാരണക്കാരന് ബില്ലിൽ വർധനവ് ഉണ്ടാക്കുന്ന തരത്തിൽ വെള്ളക്കരം കൂട്ടുന്ന സമീപനം ഇടതുപക്ഷ സർക്കാർ അവസാനിപ്പിക്കണം.കേന്ദ്രത്തിന്‍റെയും ആര്‍എസ്എസിന്‍റെയും വര്‍ഗീയ നിലപാടുകള്‍ക്കെതിരെ എന്ന പേരിൽ ജനമുന്നേറ്റ ജാഥയ്‌ക്കൊരുങ്ങുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സത്യത്തിൽ ചെയ്യേണ്ടത് മുഖ്യമന്ത്രിയെ കണ്ട് ഈ പ്രശ്‌നത്തിന് പരിഹാരം കാണുകയാണെന്നും മുരളീധരൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ആയുധ നിര്‍മാണത്തിന് മേല്‍ കര്‍ശന നിരീക്ഷണം: 'ഒരു വശത്ത് ജനങ്ങളെ തിരിച്ചുവിടാൻ കേന്ദ്രസർക്കാർ ജനവിരുദ്ധ നയങ്ങൾ പിന്തുടരുന്നു എന്ന് ആരോപിച്ചുകൊണ്ട് പ്രചരണം അഴിച്ചുവിടുകയും മറുവശത്ത് കേന്ദ്രത്തിന്‍റെ എല്ലാ ആനുകൂല്യങ്ങളും സ്വന്തം പേരിലാക്കി ജനങ്ങളിലേക്ക് എത്തിച്ച് അതിന്‍റെ പേരിലുള്ള കയ്യടി നേടാൻ ശ്രമിക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ടെക്‌നിക്കൽ വിദ്യാലയങ്ങളിൽ ലാബ് പഠനത്തിന്‍റെ മറവിൽ ആയുധ നിർമാണം നടന്നതായുള്ള പൊലീസ് റിപ്പോർട്ടിന്മേൽ കർശന നിരീക്ഷണം വേണമെന്ന സാങ്കേതിക വിദ്യാഭ്യാസ ഡയറക്‌ടറുടെ ഉത്തരവ് മുരളീധരൻ ശരിവച്ചു.
'ഇത് ഗൗരവമായ വിഷയമാണ്. ഭരണ നേതൃത്വം ഇനിയെങ്കിലും കണ്ണ് തുറക്കണം. കേരളത്തിൽ വളരെ അപകടകരമായ സാഹചര്യമാണുള്ളതെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തുനിന്ന് അത് തടയാനുള്ള നടപടികൾ ഉണ്ടാകുന്നില്ല'.
ലഹരി ഉപയോഗം വ്യാപകമാകുന്നു: 'ലഹരി ഉപയോഗം സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വ്യാപകമാകുന്നു. ലഹരിക്ക് നേതൃത്വം നൽകുന്ന ആളുകൾ സർക്കാരിന്‍റെ സംരക്ഷണത്തിലാണ്. ലഹരി അന്താരാഷ്‌ട്ര തലത്തിൽ ഭീകര പ്രവർത്തനത്തിന്‍റെ കേന്ദ്രമായി മാറുന്നുവെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.
സംസ്ഥാന സർക്കാർ ഇത്തരം വിഷയങ്ങളിൽ കാണിക്കുന്നത് കൂട്ടിൽ കണ്ണുനട്ടുകൊണ്ടുള്ള സമീപനമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദേശ നിക്ഷേപമാകാമെന്ന് എൽഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍റെ പ്രസ്‌താവനയിലും മുരളീധരൻ പ്രതികരിച്ചു. മാർക്‌സിസ്റ്റ് പാർട്ടി പലകാര്യങ്ങളിലും പരസ്യമായി എടുക്കുന്ന സമീപനവും സർക്കാർ വന്നതിനുശേഷം അവർ എടുത്തിട്ടുള്ള നിലപാടുകളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോൾ അവർക്ക് തിരിച്ചറിവുണ്ടായെങ്കിൽ അത് നല്ല കാര്യമാണ്. വേട്ടയാടുകയും ഇരവാദം ഉന്നയിക്കുകയും ചെയ്യുന്നത് ശരിയല്ലെന്നും മുരളീധരൻ പറഞ്ഞു. എന്നാൽ വിദേശ നിക്ഷേപത്തെ സ്വാഗതം ചെയ്യുന്നത് സിപിഎമ്മിന്‍റെ നയം മാറ്റമല്ലെന്നും കാലത്തിന് അനുസരിച്ചുള്ള മാറ്റമാണെന്നുമായിരുന്നു ഇ പി ജയരാജൻ ഇന്നലെ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
തെറ്റ് എല്ലാ കാലത്തും തെറ്റും, ശരി എല്ലാ കാലത്തും ശരിയും ആകില്ലെന്നും സ്വാശ്രയ സമരത്തെ കുറിച്ച് ഇപി പറഞ്ഞു. സ്വകാര്യ സർവകലാശാലകളെ കേരളം നിരുത്സാഹപ്പെടുത്തില്ല. പക്ഷേ കേരളത്തിന് എന്തെങ്കിലും ദോഷമുണ്ടെന്ന് കണ്ടാൽ മാത്രം ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.