തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അധിക്ഷേപിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്യുന്ന സമീപനം മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. നിയമപരമായി, ഭരണഘടനാപരമായി ഗവർണറെടുക്കുന്ന നിലപാടുകളുടെ പേരിൽ ഗവർണറെ അപമാനിക്കുന്നത് തുടരുന്നതിലൂടെ സംസ്ഥാനത്തെ സർവകലാശാലകളുടെ ഭരണ സ്‌തംഭനത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്ന സ്ഥിതിയാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ വിദ്യാർഥികളുടെ ഭാവി പന്താടാൻ സർക്കാർ ഇനിയെങ്കിലും ശ്രമിക്കരുത്. ഗവർണറുടെ നിലപാടുകൾ ശരിയാണെന്ന് കോടതികൾ അടക്കം പറയുന്നു. സെനറ്റ് അംഗങ്ങളുടെ കാര്യത്തിൽ ഹൈക്കോടതിയും കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയുടെ കാര്യത്തിൽ സുപ്രീംകോടതിയും ഗവർണർ എടുത്ത നിലപാടുകൾ ശരിയാണ് എന്നാണ് പറഞ്ഞിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ സർവകലാശാലകളുടെ സ്വയംഭരണാവകാശം തകർക്കാൻ ഗവർണർ ശ്രമിക്കുന്നു എന്ന വാദം മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഉയർത്തി. സർവകലാശാലകളുടെ സ്വയംഭരണത്തിന് അനുസൃതമായ സമീപനമാണ് ഗവർണർ എടുത്തിരിക്കുന്നത്. സർവകലാശാലകളുടെ സ്വയംഭരണാവകാശം നിയമാനുസൃതം കയ്യാളാൻ അനുവദിക്കണം. അതിനുള്ള ഗവർണറുടെ അധികാരത്തിൽ കൈകടത്തിയിട്ട് കാര്യമില്ല.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് ആ സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ തലശ്ശേരിയില്‍ കാറില്‍ ചാരിനിന്നതിന് ആറുവയസുകാരന് ക്രൂരമര്‍ദനമേറ്റ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. ഇത്തരം സംഭവങ്ങൾക്ക് പിന്തുണ നൽകുന്ന മുഖ്യമന്ത്രിയെപ്പോലുള്ളവരാണ് ഇതിന് കാരണക്കാരനെന്ന് മുരളീധരൻ പറഞ്ഞു.
ധനമന്ത്രി കെ എൻ ബാലഗോപാലനെ പോലെയുള്ളവർ വംശീയ അധിക്ഷേപമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്. ഉത്തർപ്രദേശുകാരെയും ഉത്തരേന്ത്യക്കാരെയും പരസ്യമായി അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുമ്പോൾ അത് കേൾക്കുന്ന മലയാളികൾ ഇവരെ എങ്ങനെ വേണമെങ്കിലും കൈകാര്യം ചെയ്യാമെന്ന് ധരിച്ചാൽ അതിന് ഉത്തരവാദി ചെയ്‌തവൻ അല്ല ചെയ്യാനുള്ള ധാരണയുണ്ടാക്കിക്കൊടുത്ത മന്ത്രിമാരാണെന്ന് മുരളീധരൻ കുറ്റപ്പെടുത്തി.