തിരുവനന്തപുരം : ഇന്ത്യയിലെ നിയമങ്ങൾ പാലിക്കാത്തതിനാലാണ് ട്വിറ്റർ ഓഫിസ് റെയ്‌ഡ് ചെയ്‌തതെന്നും ഈ കമ്പനി വിവേചനപരമായി പ്രവർത്തിച്ചെന്നും കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ രാജ്യത്തെ ചട്ടങ്ങൾ പാലിക്കണം. കോവിന്‍ ആപ്പിന്‍റെ ഡാറ്റാബേസ് ചോർന്നിട്ടില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
ടെലഗ്രാം ബോട്ടിന് കിട്ടിയ വിവരങ്ങൾ യാഥാർഥ്യമാണോ വ്യാജമാണോ എന്ന് പരിശോധിക്കുന്നുണ്ട്. എവിടെ നിന്നാണ് ഡാറ്റ ചോർന്നത് എന്ന് വിശദമായ അന്വേഷണം നടക്കുന്നു. കേരളത്തിൽ മാധ്യമപ്രവർത്തകയ്‌ക്കെതിരെയുള്ള കേസിലും അദ്ദേഹം പ്രതികരിച്ചു. ബിബിസി ഡോക്യുമെൻ്ററി സമയത്ത് കമ്മ്യൂണിസ്റ്റ് സർക്കാർ മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി പറയുന്നു. ഇപ്പോൾ കേരളത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ കടന്നുകയറുന്നു. സിപിഎമ്മിന്‍റെ കപടമുഖമാണ് തുറന്നുകാട്ടപ്പെട്ടതെന്നും കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
'സര്‍ക്കാര്‍ നിരവധി കാര്യങ്ങളില്‍ ഭീഷണിപ്പെടുത്തി' : കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ട്വിറ്റര്‍ മുന്‍ സിഇഒ ജാക്ക് ഡോര്‍സി രംഗത്തെത്തിയിരുന്നു. സര്‍ക്കാരിനെ വിമര്‍ശിക്കുന്നതും കര്‍ഷകസമരവുമായി ബന്ധപ്പെട്ടതുമായ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്യുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നിരവധി തവണ തങ്ങളെ ബന്ധപ്പെട്ടിരുന്നു. 'ബ്രേക്കിങ് പോയിന്‍റ്സ്' എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഡോര്‍സി ഇക്കാര്യം വെളിപ്പെടുത്തിയത്. ഏതെങ്കിലും വിദേശ രാജ്യങ്ങളില്‍ നിന്നോ ഭരണകൂടങ്ങളില്‍ നിന്നോ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുമ്പോഴായിരുന്നു ഈ പ്രതികരണം.
ഇന്ത്യയില്‍ നടന്ന കര്‍ഷക സമരത്തെ പിന്തുണയ്‌ക്കുന്നവരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന് നിരന്തരമായി സര്‍ക്കാര്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. പിന്നാലെ, രാജ്യത്ത് ട്വിറ്റര്‍ നിരോധിക്കും, ജീവനക്കാരുടെ വീടുകളില്‍ റെയ്‌ഡ് നടത്തും ട്വിറ്റര്‍ ഓഫിസുകള്‍ അടച്ചുപൂട്ടും എന്നിങ്ങനെയുളള ഭീഷണികളും ഉണ്ടായിരുന്നതായി ഡോര്‍സി പറഞ്ഞു. ഇന്ത്യ പോലെ വലിയൊരു ജനാധിപത്യ രാജ്യത്ത് നിന്നുമാണ് ഇത്തരം സംഭവവികാസങ്ങള്‍ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ജാക്ക് ഡോര്‍സിയുടെ ആരോപണങ്ങള്‍ തള്ളി. ഇക്കാര്യത്തില്‍ ട്വിറ്റര്‍ സ്ഥാപകന്‍ പച്ചക്കള്ളമാണ് പറഞ്ഞത്. ട്വിറ്റര്‍ ചരിത്രത്തിലെ സംശയാസ്‌പദമായ ചില കാര്യങ്ങള്‍ മറയ്‌ക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം കള്ളം പറയുന്നത്. ഡോര്‍സിയുടെ കീഴില്‍ ട്വിറ്റര്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് അവര്‍ക്ക് ഇന്ത്യന്‍ നിയമത്തിന്‍റെ പരമാധികാരത്തെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഇന്ത്യന്‍ നിയമ വ്യവസ്ഥകള്‍ തങ്ങളെ ബാധിക്കുന്ന ഒന്നല്ല എന്ന മട്ടിലായിരുന്നു ഡോര്‍സിയും സംഘവും പ്രവര്‍ത്തിച്ചത്.
2020 മുതല്‍ 2022 വരെ ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാന്‍ അവര്‍ തയ്യാറായില്ല. 2022 ജൂണില്‍ മാത്രമാണ് അവര്‍ അതിന് തയ്യാറായത്. അതിന് മുന്‍പായി ട്വിറ്റര്‍ ഓഫിസുകള്‍ അടച്ചുപൂട്ടുകയോ ആരെയും അറസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ല. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ ഡോര്‍സിയുടെ വെളിപ്പെടുത്തലുകള്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിന്‍റെ പ്രതികരണം.