തിരുവനന്തപുരം: യുഡിഎഫ് (UDF) ഏകോപന സമിതി യോഗം ഇന്ന് ചേരും. രാവിലെ 10.30ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ (VD Satheeshan) ഔദ്യോഗിക വസതിയിലാണ് യോഗം. ഏക സിവിൽ കോഡ് (UCC) വിഷയത്തിൽ ദേശീയ നേതൃത്വത്തിനുള്ളിലും യുഡിഎഫ് ഘടക കക്ഷികൾക്കുള്ളിലും അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നതിനിടെയാണ് മുന്നണി ഏകോപന സമിതി യോഗം ചേരുന്നത്.
ഏക സിവിൽ കോഡിനെതിരായ പ്രതിഷേധ പരിപാടികൾ, ഇന്ന് നടക്കുന്ന യോഗത്തിൽ തീരുമാനിക്കും. സമര പരിപാടികളിൽ കോൺഗ്രസ് ദേശീയ നേതാക്കളെയും പങ്കെടുപ്പിക്കാനാണ് നീക്കം. മൂന്ന് മേഖലകളിൽ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ജനജാഗ്രത സദസിന്‍റെ തിയതിയും ഇന്ന് തീരുമാനിക്കും.
ഏക സിവിൽ കോഡിനെതിരെ സിപിഎം നടത്തുന്ന സെമിനാറിലേക്ക് ലീഗിനെ ക്ഷണിച്ചതടക്കമുള്ള വിഷയങ്ങൾ ഏകോപന സമിതി യോഗത്തിൽ ഉന്നയിക്കപ്പെടും. സിപിഎം ഈ വിഷയത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നുവെന്നാണ് കോൺഗ്രസ് ഉന്നയിക്കുന്ന ആക്ഷേപം. എന്നാൽ, കോൺഗ്രസിനുള്ളിലെ തർക്കങ്ങളിൽ ലീഗിന് കടുത്ത അതൃപ്‌തിയാണുള്ളത്.
എന്നിരുന്നാലും, ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിനൊപ്പം നിൽക്കുമെന്ന നിലപാടിലാണ് ലീഗ്. ഏക സിവിൽ കോഡിനെതിരായ പ്രതിഷേധങ്ങൾ കോൺഗ്രസ് ഗൗരവത്തോടെ കാണണമെന്ന് ലീഗ് ഉന്നയിക്കുന്ന പ്രധാന ആവശ്യം. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സെയ്‌ദ് സാദിഖലി ശിഹാബ് തങ്ങൾ ഇന്നലെ (09 ജൂലൈ) നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഏക സിവിൽ കോഡിനെതിരെ സിപിഎം നടത്തുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചതായി വ്യക്തമാക്കിയത്.
പാര്‍ലമെന്‍റിനകത്തായാലും പുറത്തായാലും രാജ്യത്ത് നന്നായി പ്രതികരിക്കാന്‍ കഴിയുക കോണ്‍ഗ്രസിനാണെന്നും സാദിഖലി തങ്ങള്‍ മലപ്പുറത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിനൊപ്പം യുഡിഎഫിലെ മറ്റ് ഘടക കക്ഷികളെ ക്ഷണിക്കാതെയാണ് സിപിഎം സെമിനാര്‍ സംഘടിപ്പിക്കുന്നത്. ലീഗിന് മാത്രമായിരുന്നു സെമിനാറിലേക്ക് ക്ഷണമുണ്ടായത്.
അതുകൊണ്ടുതന്നെ സിപിഎം സെമിനാറിലേക്ക് ലീഗ് എത്തില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞിരുന്നു. സെമിനാറില്‍ സമസ്‌ത പങ്കെടുക്കുന്നതില്‍ തെറ്റില്ല. ആ സംഘടനയ്‌ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജൂലൈ 15നാണ് ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎം സെമിനാര്‍. കോഴിക്കോട് നടക്കുന്ന സെമിനാര്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഉദ്‌ഘാടനം ചെയ്യുക.
സിപിഎമ്മിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ്: ദേശീയ സെമിനാറില്‍ പങ്കെടുക്കണമെന്നുള്ള ക്ഷണം മുസ്‌ലിം ലീഗ് നിരസിച്ചതിന് പിന്നാല സിപിഎമ്മിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഒരു ക്ഷണം ലഭിക്കുമ്പോഴേക്കും ലീഗ് പോകുമെന്ന് കരുതാന്‍ മാത്രം ബുദ്ധിയില്ലാത്തവരായി സിപിഎം നേതാക്കള്‍ മാറിയെന്നത് അദ്‌ഭുതമാണ്. ഏക സിവിൽ കോഡ് നടപ്പിലാക്കണമെന്ന് നിലപാടായിരുന്നു എക്കാലവും സിപിഎമ്മിന്.
കാപട്യവുമായാണ് അവരിപ്പോള്‍ വന്നിരിക്കുന്നത്. അധികാരം ഉണ്ടായിരുന്ന കാലത്തും അല്ലാത്തപ്പോഴും കോണ്‍ഗ്രസ് ഏക സിവിൽ കോഡിന് എതിരായിരുന്നു. വ്യക്തതയോടെയാണ് കോൺഗ്രസ് മുന്നോട്ടുപോകുന്നത്. ബിജെപി ഭിന്നിപ്പിക്കാൻ ശ്രമിക്കുമ്പോൾ എന്തെങ്കിലും അതിൽ നിന്നും കിട്ടുമോ എന്ന് നോക്കുകയാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു.