തിരുവനന്തപുരം: എഐ ക്യാമറകൾ സ്ഥാപിച്ച പദ്ധതിയുമായി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് (ULCCS) യാതൊരു ബന്ധവുമില്ലെന്ന് മാനേജിങ് ഡയറക്‌ടർ എസ് ഷാജു. സംസ്ഥാനത്ത് എഐ ക്യാമറകൾ സ്ഥാപിക്കുന്നതിനായി കരാറുകാരായ കെൽട്രോൺ ഉപകരാർ നൽകിയ എസ്ആർഐടി (SRIT) എന്ന കമ്പനിക്ക് യുഎൽസിസിഎസുമായി ബന്ധമുണ്ടെന്ന് മാധ്യമ വാർത്തകൾ വന്നതിന് പിന്നാലെയാണ് വാർത്താക്കുറിപ്പുമായി ഷാജു രംഗത്തെത്തിയത്. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തൊട്ടാകെയുള്ള എഐ ക്യാമറകളുടെ പ്രവർത്തനമാരംഭിച്ചത്.
ബെംഗളൂരു ആസ്ഥാനമായ ശോഭ റിനൈസന്‍സ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് (എസ്ആർഐടി) എന്ന കമ്പനി 2016ൽ ആശുപത്രി സോഫ്റ്റ്‌വെയര്‍ വികസനപദ്ധതി ഊരാളുങ്കൽ സൊസൈറ്റിക്കു നൽകി. ഇതിന്‍റെ ഭാഗമായി അന്ന് ഇരു സ്ഥാപനങ്ങളും ചേർന്ന് സംയുക്ത സംരംഭം രൂപവത്‌കരിക്കുകയും ചെയ്‌തിരുന്നു. യുഎൽസിസിഎസ്-എസ്ആർഐടി എന്നായിരുന്നു സംയുക്ത സംരംഭത്തിന്‍റെ പേര്.
ഇരു സ്ഥാപനങ്ങളിലെയും ഡയറക്‌ടർമാർ ഇതിൽ അംഗങ്ങളായിരുന്നു. എന്നാൽ 2018 ൽ പദ്ധതി അവസാനിക്കുകയും ഈ സംരംഭം പിരിച്ചുവിടുകയും ചെയ്‌തു. ഈ സംയുക്ത സംരംഭം ഇപ്പോൾ നിലവിലില്ല. എന്നാൽ ചില വെബ്‌സൈറ്റുകളിൽ srit. എന്നു തെരയുമ്പോൾ യുഎൽസിസിഎസ്-എസ്ആർഐടി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ വിവരമാണ് ലഭ്യമാകുന്നത്.
ഇതിനാലാണ് എസ്ആർഐടിയെയും ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയെയും ബന്ധപ്പെടുത്തി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പിന്നിലെന്നും മാനേജിങ് ഡയറക്‌ടർ എസ് ഷാജു വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. എഐ ക്യാമറ വിഷയത്തിൽ യുഎൽസിസിഎസിനെ ബന്ധപ്പെടുത്തിയുള്ള ആരോപണങ്ങൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ALSO READ: 'ഉപകരാർ സംബന്ധിച്ച് സർക്കാരിന് അറിവില്ല, വിശദീകരണം നൽകേണ്ടത് കെൽട്രോൺ' ; പ്രതിപക്ഷത്തിന് മറുപടിയുമായി ഗതാഗത മന്ത്രി
അതേസമയം എസ്ആർഐടി കമ്പനിയുടെ സ്ഥാപക മാനേജിങ് ഡയറക്‌ടര്‍ മധു നമ്പ്യാർ, ഇന്‍വെസ്റ്റര്‍ ഡയറക്‌ടര്‍ പിസി മാര്‍ട്ടിൻ ഊരാളുങ്കല്‍ സൊസൈറ്റിയുടെ ചെയര്‍മാന്‍ രമേശന്‍ പാലേരി, മാനേജിങ് ഡയറക്‌ടര്‍ എസ് ഷാജു എന്നിവര്‍ ബിസിനസ് പങ്കാളികളാണ്. ഇവർ നാലുപേരും ചേര്‍ന്ന് ഊരാളുങ്കല്‍ എസ്ആര്‍ഐടി എന്ന പേരില്‍ 2016ല്‍ മറ്റൊരു കമ്പനി തുടങ്ങിയതായി രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ എഐ ക്യാമറ പദ്ധതിയുടെ 130 കോടി ലഭിക്കുന്ന നിര്‍ണായക കരാര്‍ ബെംഗളൂരു കമ്പനിക്ക് ലഭിച്ചതില്‍ ദുരൂഹതയുണ്ടെന്നുമാണ് മാധ്യമ വാർത്തകൾ പ്രചരിച്ചത്. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി യുഎൽസിസിഎസ് മാനേജിങ് ഡയറക്‌ടർ എസ് ഷാജു രംഗത്തെത്തിയത്.