തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിലെ പ്രതിഷേധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വേദി പങ്കിട്ടത് സംബന്ധിച്ച് യുഡിഎഫിനുള്ളില്‍ അഭിപ്രായ ഭിന്നത. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന് യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടു നിന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഷയത്തില്‍ ഏകപക്ഷീയമായ തീരുമാനം കൈക്കൊണ്ടുവെന്നാണ് മുന്നണിക്കുള്ളില്‍ നിന്ന് തന്നെ വിമര്‍ശനം ഉയരുന്നത്. ആര്‍എസ്‌പിയും യോഗത്തില്‍ നിന്ന് വിട്ടു നിന്നു. എന്‍.കെ.പ്രേമചന്ദ്രന്‍ എംഎല്‍എ , പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ.എ അസീസ്, ഷിബു ബേബി ജോണ്‍ എന്നിവരാണ് യോഗത്തില്‍ നിന്ന് വിട്ടു നിന്നത്.
സംസ്ഥാനത്ത് സ്വന്തം നിലയില്‍ പ്രക്ഷോഭം നടത്താന്‍ ശേഷിയുള്ള യുഡിഎഫ് ഈ ഘട്ടത്തില്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്നത് രാഷ്ട്രീയപരമായി എല്‍ഡിഎഫിന് ഗുണം ലഭിക്കുമെന്നാണ് ഘടക കക്ഷികളുടെ വാദം. കോണ്‍ഗ്രസിനുള്ളിലും ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ ശക്തമായ വിമര്‍ശം ഉയരുന്നുവെന്നാണ് സൂചനകള്‍. മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും നടത്തിയ പ്രതിക്ഷേധം വന്‍ വിജയമായ സാഹചര്യത്തില്‍ സ്വന്തം നിലയില്‍ പ്രതിഷേധം നടത്തിയാല്‍ മതിയെന്നാണ് യു.ഡി.എഫ് നേതാക്കളുടെ പൊതു നിലപാട്.