തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം കുറഞ്ഞ ശേഷം തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ച സർവകക്ഷി യോഗത്തിൽ യുഡിഎഫ് നിർദേശം. ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണം കുറഞ്ഞത് 500ആയി പരിമിതപ്പെടുത്തണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. എന്നാൽ പരമാവധി വേഗത്തിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് എൽഡിഎഫും തെരഞ്ഞെടുപ്പ് നീട്ടരുതെന്ന് ബിജെപിയും യോഗത്തിൽ ആവശ്യപ്പെട്ടു. മൂന്ന് കക്ഷികളും പോസ്റ്റൽ വോട്ടിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ വി .ഭാസ്കരന്‍റെ അധ്യക്ഷതയിൽ തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിലാണ് യോഗം ചേർന്നത്.
സർവകക്ഷി യോഗത്തിൽ ഉന്നയിച്ച ആവശ്യങ്ങൾ പരിശോധിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു. ആരോഗ്യ പ്രവർത്തകരുമായും പൊലീസുമായും കൂടിയാലോചിച്ച ശേഷമാകും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക. അതേസമയം തപാൽ വോട്ടിന്‍റെ കാര്യത്തിൽ എല്ലാ കക്ഷികളും അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെങ്കിലും ഇതു സംബന്ധിച്ച അവ്യക്തത തുടരുകയാണ്. പോസ്റ്റൽ വോട്ടിന് തെരഞ്ഞെടുപ്പിന്‍റെ പത്ത് ദിവസം മുൻപ് അപേക്ഷിക്കണമെന്നാണ് നിർദ്ദേശം. എന്നാൽ അപേക്ഷിച്ച് അവസാനവട്ടം കൊവിഡ് സ്ഥിരീകരിച്ചാൽ എന്തു ചെയ്യുമെന്നതിൽ വ്യക്തയില്ല.
പരസ്പരം പോരടിച്ചു നിൽക്കുന്ന കേരള കോൺഗ്രസ് ജോസ്- ജോസഫ് വിഭാഗം നേതാക്കളും യോഗത്തിൽ പങ്കെടുത്തു. ജോസ് വിഭാഗത്തിൽ നിന്ന് സ്റ്റീഫൻ ജോർജും ജോസഫ് പക്ഷത്തു നിന്ന് മോൻസ് ജോസഫുമാണ് യോഗത്തിൽ പങ്കെടുത്തത്. 941 ഗ്രാമ പഞ്ചായത്തുകളിലേയ്ക്കും 152 ബ്ലോക്ക് പഞ്ചായത്തുകളിലേയ്ക്കും 14 ജില്ല പഞ്ചായത്തുകളിലേയ്ക്കും 86 മുനിസിപ്പാലിറ്റികളിലേയ്ക്കും 6 കോർപ്പറേഷനുകളിലേയ്ക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ ഭരണ സമിതികളുടെ കാലാവധി നവംബർ 11ന് അവസാനിക്കും.