തിരുവനന്തപരും: നെടുമങ്ങാട്ടെ സപ്ലൈ കോ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന രണ്ട് ലോഡ് ഭക്ഷ്യ വസ്‌തുക്കള്‍ കാണാനില്ല. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍റെ നിർദ്ദേശപ്രകാരം പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇവിടെ നിന്നും ഗുണമേന്മയില്ലെന്ന് കണ്ടെത്തിയ 400 ചാക്ക് അരിയാണ് കാണാതായത്. കൊല്ലം ഡെപ്യൂട്ടി കൺട്രോളർ സൂരജിന്‍റെ നേത്യത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.
അനുമതി ഇല്ലാതെ ഗോഡൗൺ തുറക്കുക, രണ്ട് ലോഡ് ഭക്ഷധാന്യം മാറ്റുക എന്നീ ക്രമക്കേടുകള്‍ അന്വേഷണ സംഘം കണ്ടെത്തി. ഇതേ തുടര്‍ന്ന് നെടുമങ്ങാട് താലൂക്കിലെ ഗോഡൗണുകളിൽ തുടര്‍ന്നുള്ള ദിവസങ്ങളിൽ കുടുതൽ പരിശോധന നടത്തുമെന്ന് അധികൃതർ പറഞ്ഞു.
സപ്ലൈകോയിൽ നടന്ന അഴിമതി അന്വേഷിച്ച വിജിലൻസ് സംഘം കണ്ടെത്തിയ പഴകിയ രണ്ട് ലോഡ് അരിയാണ് നാല് ഗോഡൗണുകളിൽ സൂക്ഷിച്ചത്. ഗോഡൗൺ തുറക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥരുടെ അറിവും രേഖാമൂലമുള്ള സമ്മതവും ആവശ്യമാണ്. എന്നാൽ മേലുദ്യോസ്ഥർ അറിയാതെയാണ് എന്‍എഫ്‌എസ്‌സിയുടെ കീഴിൽ വരുന്ന ഗോഡൗണിൽ നിന്നും ജീവനക്കാർ 400 ചാക്ക് അരി കടത്തിയത്. ഇതു റേഷൻ കടകൾക്ക് നൽകി ക്രമക്കേട് നടത്തിയോ എന്നും അന്വേഷിക്കുന്നുണ്ട്.
വെഞ്ഞാറമൂട് ,ചേന്നൻപറ, പുതുകുളങ്ങര, പുലിപ്പാറ എന്നീ ഗോഡൗണുകളിലാണ് അന്വേഷണത്തിന്‍റെ ഭാഗമായുള്ള പരിശോധന. ഇതിൽ പുതുകുളങ്ങര ഗോഡൗണിൽ നിന്നും 400 ചാക്ക് കൂത്തരിയാണ് കാണാതായത്. സംഘം കഴിഞ്ഞ ദിവസം നെടുമങ്ങാട് പുലിപ്പാറയിലും ചേന്നൻ പാറയിലും പരിശോധന നടത്തിയിരുന്നു.