തിരുവനന്തപുരം: കെഎസ്ആർടിസിയിലെ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി വിഷയത്തിൽ എംഡി ബിജു പ്രഭാകറിന്‍റെ നേതൃത്വത്തിൽ അംഗീകൃത തൊഴിലാളി യൂണിയനുകളുമായി നാളെ (27.09.2022) യോഗം ചേരും. വൈകിട്ട് 4.30ന് ചീഫ് ഓഫിസിലാണ് യോഗം. സിഐടിയു, ടിഡിഎഫ്, ബിഎംഎസ് എന്നീ യൂണിയനുകൾ യോഗത്തിൽ പങ്കെടുക്കും.
12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിക്കെതിരെ ടിഡിഎഫ് ഒക്‌ടോബർ രണ്ട് മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് കാണിച്ച് നോട്ടിസ് നൽകിയിരിക്കുന്ന സാഹചര്യത്തിലാണ് എംഡി തൊഴിലാളി യൂണിയൻ നേതാക്കളുമായി ചർച്ചയ്‌ക്ക് വിളിച്ചിരിക്കുന്നത്. യോഗത്തിൽ തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ അനുകൂല തീരുമാനമുണ്ടായാൽ പണിമുടക്ക് പിൻവലിക്കുമെന്ന് ടിഡിഎഫ് വൈസ് പ്രസിഡന്‍റ് നൗഷാദ് ഇടിവി ഭാരതിനോട് പറഞ്ഞു. സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് ബിഎംഎസും അറിയിച്ചു.
ഒരു ഡിപ്പോയിൽ 10 ശതമാനം ഷെഡ്യൂളുകൾ മാത്രം 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിയാക്കുകയും റൊട്ടേഷൻ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയോഗിക്കണമെന്നാണ് വിഷയത്തില്‍ സിഐടിയു അവശ്യപ്പെടുന്നതെന്ന് ജനറൽ സെക്രട്ടറി വിനോദ് പറഞ്ഞു. അതേസമയം 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിയിൽ നിന്ന് മാനേജ്‌മെന്‍റ് പിന്നോട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ഡ്യൂട്ടി പരിഷ്‌കരണം ഒക്‌ടോബർ മുതൽ ആറ് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാനാണ് മാനേജ്‌മെന്‍റ് തീരുമാനം.