തിരുവനന്തപുരം : മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ ഭിന്നശേഷിക്കാരനെ പരിശോധിക്കാന്‍ വിസമ്മതിച്ച സംഭവത്തില്‍ വിശദീകരണം തേടി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പേയാട് സ്വദേശിയായ ഭിന്നശേഷിക്കാരനാണ് ദുരനുഭവം നേരിട്ടത്. വയറുവേദനയെ തുടര്‍ന്ന് ഗ്യാസ്ട്രോ എന്‍ട്രോളജി(Gastroenterology) വിഭാഗത്തിലെ സീനിയര്‍ ഡോക്‌ടറെ കാണാനാണ് രോഗി എത്തിയത്.
എന്നാല്‍, വീല്‍ ചെയറിലുള്ള രോഗിയെ പരിശോധനാമുറിയില്‍ കയറ്റാനോ, രോഗിയുടെ അടുത്തുപോയി പരിശോധിക്കാനോ ഡോക്‌ടര്‍ തയ്യാറായില്ല. എട്ട് വര്‍ഷം മുന്‍പുണ്ടായ വീഴ്‌ചയെ തുടര്‍ന്ന് വീല്‍ ചെയറിലാണ് രോഗിയുടെ സഞ്ചാരം. ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് മന്ത്രി വീണ ജോര്‍ജിന് ഇവര്‍ പരാതി നല്‍കുകയായിരുന്നു.
പരാതിക്കാരനുമായി നേരിട്ട് സംസാരിച്ച ശേഷമാണ് മന്ത്രി വിശദീകരണം ആവശ്യപ്പെട്ടത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറോടാണ് വിശദീകരണം തേടിയത്. ഭിന്നശേഷിക്കാരനുണ്ടായ ദുരനുഭവം ഖേദകരമാണെന്ന് മന്ത്രി പ്രതികരിച്ചു.