തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസില്‍ വഴിത്തിരിവ്. സ്വർണം വാങ്ങിയ ആളെ തിരിച്ചറിഞ്ഞു. തിരുവനന്തപുരത്ത് ജ്വല്ലറി നടത്തുന്ന മലപ്പുറം സ്വദേശി ഹക്കീം എന്ന ആളാണ് കോടികളുടെ സ്വർണം വാങ്ങിയത്. ഒളിവിലുള്ള ഹക്കീമിനായി ഡിആർഐ അന്വേഷണം ഊർജ്ജിതമാക്കി.
സ്വർണ കടത്ത് കേസിലെ മുഖ്യ കണ്ണിയും അഭിഭാഷകനുമായ ബിജുമോഹനെതിരെ ഡിആർഐ നേരത്തെ ലുക്ക് ഔട്ട് നോട്ടീസിറക്കിയിരുന്നു. ഇതിനിടെ ബിജു മുൻ കൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബിജുമോഹനെ പിടികൂടാൻ ഡിആർഐക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
സ്വർണ്ണം കടത്താൻ സഹായിച്ചിരുന്ന ആറ് താൽക്കാലിക ജീവനക്കാർ നേരത്തെ പിടിയിലായിരുന്നു. ഇവരിൽ നിന്നാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ ഏറ്റവും വലിയ സ്വർണ വേട്ടയിലേക്ക് നീങ്ങാനുള്ള വിവരങ്ങള്‍ അന്വേഷണ ഏജൻസികള്‍ക്ക് ലഭിച്ചത്.