തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ്, ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചു. ബുറെവി ചുഴലിക്കാറ്റ് ശക്തി ക്ഷയിച്ച് ന്യൂനമർദമായ സാഹചര്യത്തിലാണ് നടപടി. നിലവിൽ പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് മാത്രമാണ് ഉള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ശനിയാഴ്‌ചയും ഈ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.
ഇന്നലെ രാത്രിയോടെയാണ് മാന്നാർ തീരത്ത് നിന്ന് തമിഴ്നാട് തീരത്തേക്ക് നീങ്ങിയ ബുറെവി ശക്തി കുറഞ്ഞ് ന്യൂനമർദമായി മാറിയത്. ഇത് സംസ്ഥാനത്തിന് ആശ്വാസമായി. അതേ സമയം ജാഗ്രത തുടരുകയും ചെയ്യുന്നുണ്ട്. അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ച പൊതു അവധി പിൻവലിച്ചിട്ടില്ല. മത്സ്യ ബന്ധനത്തിനുള്ള നിരോധനവും തുടരും. കെ.എസ്.ആർ.ടി.സിയും അവശ്യ സർവീസുകൾ മാത്രമെ നടത്തുകയുള്ളു.